കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനില കുരുക്ക് വിട്ടൊഴിയുന്നില്ല. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമായ മത്സരത്തില്‍ പുണെയ്‌ക്കെതിരെ മുഴുവന്‍ സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്. 

മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയുടെ ഗോളില്‍ പുണയാണ് ആദ്യ വല ചലിപ്പിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നോക്കുകുത്തിയാക്കി വലതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ മാഴ്‌സലീഞ്ഞോ ഗോളിയെയും സമര്‍ഥമായി കബളിപ്പിച്ചാണ് ഗോള്‍ വലയിലാക്കിയത്. ആദ്യ പകുതിയില്‍തന്നെ ഗോള്‍ മടക്കാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ 73-ാം മിനിറ്റില്‍ ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. പെകൂസന്റെ കൃത്യതയാര്‍ന്ന പാസ് മികച്ച നീക്കത്തിലൂടെ വലയിലെത്തിച്ചാണ് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സിന് സമനില സമ്മാനിച്ചത്. 

ബ്ലാസ്റ്റേഴ്‌സിനായി സമനില ഗോള്‍ നേടി കളം നിറഞ്ഞ് കളിച്ച സിഫ്‌നിയോസാണ് കളിയിലെ താരം. സമനിലയോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള പുണെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ചെന്നൈന്‍ എഫ്‌സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എട്ട് മത്സരങ്ങളില്‍ നിന്ന് കേവലം ഒരു വിജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ട് പോയന്റോടെ എട്ടാം സ്ഥാനത്താണ്. ജനുവരി 10-ന് പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന് കീഴില്‍ ഡല്‍ഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.