കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോയന്റ് നിലയില്‍ ഏഴാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും വെള്ളിയാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍വരും. ആദ്യജയം ലക്ഷ്യമിട്ടാണ് കേരള ടീം സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നത്. രാത്രി എട്ടുമണിക്കാണ് കളി.

കളിക്കുന്നത് കേരള ടീമാണെങ്കിലും കളിക്കളത്തില്‍ കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാകും. ജാക്കിചന്ദ് സിങ്, മിലന്‍സിങ്, സിയം ഹംഗല്‍, ലാല്‍റുവത്താര, ലാല്‍ത്താക്കിമ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇവിടെനിന്നുള്ളവരാണ്. ഒപ്പം സഹപരിശീലകന്‍ മണിപ്പുരുകാരനായ തങ്ബോയ് സിങ്തോയും. ഇരുടീമുകളും അവസാനം കളിച്ച മത്സരത്തില്‍ തോല്‍വിവഴങ്ങിയാണ് കളിക്കാനെത്തുന്നത്. എന്നാല്‍, കൊച്ചിയില്‍ ഇതുവരെ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റിട്ടില്ലെന്ന ചരിത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വാസം.

ബെര്‍ബ ഇല്ല; ഹ്യൂം, വെസ് ബ്രൗണ്‍?

പ്ലേമേക്കറുടെ റോളില്‍ ബെര്‍ബറ്റോവ് ഇല്ലാത്തതിനാല്‍ ബ്ലാസ്റ്റേഴ്സിന് പുതിയ കോമ്പിനേഷന്‍ കണ്ടെത്തേണ്ടിവരും. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളാണ് ടീമിന് തലവേദനയായിരിക്കുന്നത്. സസ്പെന്‍ഷനുശേഷം സി.കെ. വിനീത് തിരിച്ചെത്തുന്നത് ആശ്വാസമാണ്. പരിക്കേറ്റ വെസ് ബ്രൗണും ഇയാന്‍ ഹ്യൂമും ഫിറ്റാണെന്ന് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ കളിക്കുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വെസ് ബ്രൗണ്‍ കളിച്ചാല്‍ ഡിഫന്‍സ് ശക്തമാകും. മിഡ്ഫീല്‍ഡര്‍ പെക്കുസന്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ല.

നാലു മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് രണ്ടുതവണ തോറ്റുകഴിഞ്ഞു. ഒരെണ്ണം സമനില. ഡല്‍ഹിക്കെതിരേയായിരുന്നു ജയം. ഇതുവരെ രണ്ടുഗോള്‍ അടിച്ച അവര്‍ നാലുഗോള്‍ വഴങ്ങി. ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളടിച്ചപ്പോള്‍ ആറെണ്ണം വാങ്ങി. പക്ഷേ, ഒരു തോല്‍വിയേയുള്ളൂ. അറ്റാക്കിങ്ങിലെ കുറവ് നോര്‍ത്ത് ഈസ്റ്റ് നികത്തുന്നത് പ്രതിരോധത്തിലാണ്. മിഡ്ഫീല്‍ഡര്‍മാരായ മാര്‍സിനോ, ഹാളിചരന്‍ നര്‍സാരി, ഫോര്‍വേഡ് ഡാനിലോ ലോപ്പസ് എന്നിവരും ഫോമിലാണ്. പരിക്കേറ്റ മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹ്നേഷ് സുഖംപ്രാപിച്ചിട്ടുണ്ട്.

''ബെര്‍ബയില്ലാത്തത് ക്ഷീണമാണ്. പക്ഷേ, മുമ്പോട്ടുപോയേ പറ്റൂ. ടീമിന് വിജയദാഹമുണ്ട്. ഹാളിചരണ്‍ നര്‍സാറി, ദുംഗല്‍ എന്നിവരെ സൂക്ഷിക്കണം.''

-റെനെ മ്യൂലന്‍സ്റ്റീന്‍, ബ്ലാസ്റ്റേഴ്സ് കോച്ച്

''വിങ്ങിലൂടെ അറ്റാക്ക് ചെയ്യുന്ന ഡിഫന്‍ഡര്‍മാര്‍ ബ്ലാസ്റ്റേഴ്സിന്റെ കരുത്താണ്. നന്നായി കളിച്ചാല്‍ കാണികള്‍ ഞങ്ങളെയും പിന്തുണയ്ക്കുമെന്നുറപ്പാണ്.''

-ജാവോ കാര്‍ലോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച്