കൊച്ചി: ഗോളടിക്കണേ എന്ന മഞ്ഞയണിഞ്ഞ ആരാധകരുടെ അഭ്യർഥന ബ്ലാസ്റ്റേഴ്സ് കേട്ടു. രണ്ടു മത്സരങ്ങൾക്കുശേഷം അവർ ഗോളടിച്ചു. ഗോൾ വഴങ്ങരുതേ എന്ന് ആരും പറഞ്ഞില്ല. മഞ്ഞപ്പട അത് കേട്ടുമില്ല. നേടിയതുപോലെ തന്നെ ഒരു ഗോൾ വഴങ്ങുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ സമനിലക്കുരുക്ക് വിട്ടൊഴിയുന്നില്ല കേരള ബ്ലാസ്റ്റേഴ്സിനെ. തുടർച്ചയായ മൂന്നാം സമനിലയിൽ നിന്ന് വെറും മൂന്ന് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഏഴാം സ്ഥാനത്താണ് അവരിപ്പോൾ. ഫോം കണ്ടെത്തി ആക്രമണത്തിന് ചുക്കാൻപിടിച്ച സി.കെ.വിനീത് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് കേരളത്തിന് ഇരട്ട പ്രഹരമായി. എൺപത്തിയൊൻപതാം മിനിറ്റിലാണ് രണ്ടാം മഞ്ഞ ചുവപ്പായി വിനീത് മടങ്ങി ബ്ലാസ്റ്റേഴ്സ് പത്തു പേരായി ചുരുങ്ങിയത്.

പതിനാലാം മിനിറ്റിൽ മാർക്ക് സിഫ്നിയോസിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയതെങ്കിൽ എഴുപത്തിയേഴാം മിനിറ്റിൽ ബൽവന്ത് സിങ്ങാണ് മുംബൈയെ ഒപ്പമെത്തിച്ചത്.

ടൂർണമെന്റിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഗോൾ നേടുന്നതും ഗോൾ വഴങ്ങുന്നതും. പകുതിസമയത്ത് ഒരു ഗോളിന് മുന്നിട്ടുനിൽക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്.

പതിനാലാം മിനിറ്റിൽ വലതു വിംഗിൽ നിന്ന് മലയാളി താരം റിനോ ആന്റോയാണ് ഗോളിന് വഴിവച്ച പന്ത് നൽകിയത്. ബോക്സിന്റെ ഉള്ളിൽ നിന്ന് ഗോളി അമരീന്ദറിന് കിട്ടാതെ ഒന്നാന്തരമായായാണ് സിഫ്നിയോസ് ഗോളിലേയ്ക്ക് തൊടുത്തത്.

blasters

മധ്യനിരയില്‍ നിന്ന് എമാനയാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. സാന്റോസ് അത് ബല്‍വന്തിന് നല്‍കുകയും ബല്‍വന്ത് അത് ഒന്നാന്തരമായി പോള്‍ റചുബ്കയെ കബളിപ്പിച്ച് വലയിലെത്തിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ സ്വപ്‌നതുല്ല്യമായ പ്രകടനം കാഴ്ചവച്ച റചുബ്ക വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്.

മുൻമത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ അർഥത്തിലും ആക്രമണ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. തുടക്കം മുതൽ തന്നെ മികച്ച അവസരങ്ങൾ സൃഷ്ടിച്ച് അവർ ആക്രമിച്ച് കളിച്ചു. സി.കെ.വിനീതായിരുന്നു ആക്രണത്തിന്റെ ചുക്കാൻ  പിടിച്ചത്. ബെർബറ്റോവ് മധ്യനിരയിൽ നിന്ന് ഉജ്വല പിന്തുണ നൽകി. എന്നാൽ, ലഭിച്ച പല അവസരങ്ങളും അവർ നിസാരമായി പാഴാക്കുന്നതും കൊച്ചി സ്റ്റേഡിയത്തിൽ കണ്ടു. ഒരിക്കൽ ഉറപ്പായ ഒരു ഗോളിൽ നിന്ന് ഗോളി കഷ്ടിച്ചാണ് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. എന്നാൽ, ബൽവന്തിന്റെ ഷോട്ടിന് മുന്നിൽ ഗോളിക്ക് പിഴയ്ക്കുന്നതും കണ്ടു.


Live Updates:

മത്സരം ആരംഭിച്ചു

4' ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ.

5' സി.കെ.വിനീതിന്റെ മുന്നേറ്റം. പിറകിൽ നിന്ന് ജെഴ്സി പിടിച്ചു നിർത്തി.

6' ബ്ലാസ്റ്റേഴ്സിന് ഒരു ഫ്രീകിക്ക്.

6' ബ്ലാസ്റ്റേഴ്സിന് വീണ്ടുമൊരു കോർണർ.

9' ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. വിനീതാണ് കിക്കെടുത്തത്.

14' ബ്ലാസ്റ്റേഴ്സ് ഗോൾ നേടി. മാർക്കസ് സിഫ്നിയോസാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോൾ നേടിയത്.

26' ബോക്സിൽ നിന്ന് സി.കെ.വിനീതിന്റെ ഒന്നാന്തരമൊരു ഷോട്ട്. എന്നാൽ, മുംബൈ ഗോളി അമരീന്ദർ അത് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ഒന്നാന്തരം ഒരു അവസരം.

27' ബ്ലാസ്റ്റേഴ്സിന് തുടരെ രണ്ട് കോർണറുകൾ. മുംബൈ തടിതപ്പി.

43' ബർബറ്റോവ് നൽകിയ ഉജ്വലമായൊരു ത്രൂപാസ് ചാക്കിചാന്ദ് സിങ് പാഴാക്കി.

44' പെർക്കൂസൻ ഒരു അവസരം പാസ് ചെയ്യാതെ വെറുതെ പുറത്തേയ്ക്ക് അടിച്ചു പാഴാക്കി.

രണ്ടാം പകുതിയിൽ കളി  ആരംഭിച്ചു.

55' സി.കെ.വിനീതിന് ഒരു തുറന്ന അവസരം നഷ്ടമായി. പോസ്റ്റിന് മുന്നിൽ നിന്ന് തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പോയി.ട

55' മുംബൈയുടെ അപകടകരമായ പ്രത്യാക്രമണം. ഗോളിയാണ് ബ്ലാസ്റ്റേഴ്സിന്റെ അദ്ഭുത രക്ഷകനായത്.

70' ഗോൾ സ്കോറർ സിഫ്നിയോസിന് പകരം ഇയാൻ ഹ്യൂം കളിക്കളത്തിൽ ഇറങ്ങുന്നു.

89' സി.കെ.വിനീതിന് ചുവപ്പ് കാർഡ്.

ഫൈനൽ വിസിൽ.

Content Highlights: ISL 2017 Kerala Blasters vs Mumbai City FC Football