കൊച്ചി: ഐ.എസ്.എല്‍ പുതിയ സീസണിന് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ആറരയ്ക്ക ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. എട്ടു മണിക്കാണ് മത്സരം തുടങ്ങുക.

മൂന്നര മുതല്‍ സ്‌റ്റേഡിയം തുറന്നുകൊടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞ് മഞ്ഞയില്‍ കുളിച്ച് വന്‍ ആരാധകക്കൂട്ടമാണ് ഒഴുകിയെത്തിയത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും അടങ്ങുന്ന താരനിരയാണ് ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടുക. സല്‍മാനെയും കത്രീനയെയുമൊക്കെ അവതരിപ്പിക്കാന്‍ പ്രത്യേക വേദിയും മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. മൈതാനത്തിന്റെ മധ്യത്തിലായി ഒരുക്കിയിരിക്കുന്ന വേദി വളരെപ്പെട്ടെന്ന് എടുത്തുമാറ്റാവുന്ന രീതിയിലാകും ക്രമീകരിച്ചിരിക്കുന്നത്. 

അതിനിടയില്‍ ടിക്കറ്റ് ലഭ്യമാകാത്തതിന് തുടര്‍ന്ന് പ്രതിഷേധവുമായി ആരാധകര്‍ രംഗത്തുവന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തിയെങ്കിലും ആരാധകരുടെ രോഷം അടങ്ങിയില്ല. ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്താണ് ആരാധകര്‍ രോഷം തീര്‍ത്തത്. 

രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധിച്ചത്. സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പനയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് അറിയാതെ എത്തിയതായിരുന്നു അധികപേരും. 

Kerala Blasters
സ്‌റ്റേഡിയത്തിന് പുറത്തെ ക്യൂ  ഫോട്ടോ: ശിഹാബുദ്ദീന്‍ തങ്ങള്‍