ജംഷേദ്പുര്‍: ഐഎസ്എല്‍ നാലാം സീസണില്‍ തുടര്‍ച്ചായ മൂന്നാം വിജയം ലക്ഷ്യമിട്ട് ജംഷേദ്പുരിനെ നേരിട്ട ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷേദ്പൂര്‍ ബ്ലാസ്റ്റേഴ്‌സിനെ തറപറ്റിച്ചത്‌. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വരുത്തിയ പിഴവാണ് സന്ദര്‍ശര്‍കര്‍ക്ക് വിനയായത്. ആദ്യ പകുതിയില്‍ കോപ്പലാശാന്റെ പിള്ളേര്‍ വലയിലാക്കിയ ഇരുഗോളുകളും ബ്ലാസ്റ്റേഴ്‌സ്‌ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ അടക്കമുള്ള പ്രതിരോധനിരയുടെ പിഴവിലാണ്. 

മത്സരം തുടങ്ങി 22-ാം സെക്കന്‍ഡില്‍ ജെറിയാണ് ജംഷേദ്പൂരിനായി ആദ്യ ഗോള്‍ വലയിലാക്കിയത്. ഗോള്‍ പോസ്റ്റിന് മുന്നില്‍ വീണുകിട്ടിയ അവസരം അതിവേഗ നീക്കത്തിലൂടെ വലയിലാക്കിയാണ് ജെറി ജംഷേദ്പൂരിനെ മുന്നിലെത്തിച്ചത്. 31-ാം മിനിറ്റില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസിലൂടെ ജംഷേദ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മികച്ച നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍നിര പുറത്തെടുത്തെങ്കിലും 90 മിനിറ്റ് വരെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ അധികസമയത്ത് സിഫ്‌നിയോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 

ജംഷേദ്പൂരിനായി മുഴുവന്‍ സമയവും കളംനിറഞ്ഞ് കളിച്ച മെമോയാണ് കളിയിലെ താരം. നേരത്തെ കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കാന്‍ കോപ്പലിനും സംഘത്തിനുമായിരുന്നു. വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും മൂന്ന് സമനിലയും സഹിതം 12 പോയന്റോടെ ജംഷേദ്പൂര്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറി. തോറ്റെങ്കിലും 14 പോയന്റോടെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരും.

Ashim left Rachubka flat-footed with this goal! His first of the season!#LetsFootball #JAMKER https://t.co/h5DozJ2UDO pic.twitter.com/vIOCO3fpiT