കൊച്ചി: മഞ്ഞപ്പടയുടെ ആരവം ഏറ്റുവാങ്ങിയ അതേ അന്തരീക്ഷം. എങ്കിലും എതിര്‍ക്യാമ്പില്‍. വെള്ളിയാഴ്ച ബ്ലാസ്റ്റേഴ്സിനെതിരേ മത്സരത്തിനിറങ്ങുമ്പോള്‍ ജംഷേദ്പുര്‍ എഫ്.സി.യിലെ മൂന്നുപേര്‍ക്ക് ഇത് പുതിയ അനുഭവമാകും. കോച്ച് സ്റ്റീവ് കോപ്പല്‍, ഫോര്‍വേഡ് കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്‍ എന്നിവര്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ഉണ്ടായിരുന്നവരാണ്. എന്നാല്‍, അതിന്റെ ആനുകൂല്യമൊന്നും ആരാധകരില്‍നിന്നു കിട്ടില്ലെന്ന് അവര്‍ക്ക് നന്നായറിയാം.

കൊച്ചിയില്‍ രാത്രി എട്ടിനാണ് ഇരുടീമുകളുടെയും രണ്ടാം മത്സരം. ആദ്യ കളിയില്‍ രണ്ടു ടീമിനും ക്ലീന്‍ഷീറ്റായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഭാഗ്യംകൊണ്ടാണ് ജംഷേദ്പുര്‍ ഗോള്‍രഹിത സമനിലയില്‍ രക്ഷപ്പെട്ടത്. കൊല്‍ക്കത്തയ്ക്കെതിരേ ബ്ലാസ്റ്റേഴ്സിനും ഇതേ വിധിയായിരുന്നു. അഞ്ചുമാസം നീളുന്ന ലീഗില്‍ ഒരു മത്സരംകൊണ്ട് ഒരു ടീമിനെയും വിലയിരുത്താന്‍ കഴിയില്ല. എത്രയും വേഗം വിജയവഴിയിലേക്ക് വരാനാണ് ശ്രമിക്കുന്നതെന്ന് ഇരു കോച്ചുമാരും മത്സരത്തലേന്ന് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ ശക്തിയും ദൗര്‍ബല്യവും

ബെര്‍ബറ്റോവ് കഴിഞ്ഞകളിയില്‍ നിറംമങ്ങിയെങ്കിലും എഴുതിത്തള്ളാവുന്നയാളല്ല. പന്ത് ഓടിപ്പിടിച്ച് കളിക്കുന്ന പതിവ് ബെര്‍ബെറ്റോവിനില്ല. പക്ഷേ, അര്‍ധാവസരങ്ങള്‍ ഗോളാക്കും. കഴിഞ്ഞ കളിയില്‍ ബെര്‍ബറ്റോവിനുള്ള ഫീഡര്‍ ലൈനുകള്‍ തടയുകയാണ് കൊല്‍ക്കത്ത ചെയ്തത്. കൊച്ചിയിലെ ചൂടും ഹ്യുമിഡിറ്റിയും ബള്‍ഗേറിയന്‍ താരത്തെ വലച്ചു. ഏതുനിമിഷവും സ്‌കോര്‍ചെയ്യാനുള്ള മികവാണ് വ്യത്യസ്തനാക്കുന്നത്. പരിക്കുള്ള വെസ് ബ്രൗണ്‍ ഈ മത്സരത്തിലും കളിക്കില്ലെന്ന സൂചനയാണ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ നല്‍കിയത്. ഇതു തിരിച്ചടിയാകും. പ്രതിരോധത്തില്‍ നെമഞ്ജ പെസികും മിഡ്ഫീല്‍ഡില്‍ കറേജ് പെകുസനും ശക്തിദുര്‍ഗങ്ങളാണ്. ആക്രമിച്ചു കളിക്കാനിഷ്ടപ്പെടുന്ന അരാത്ത ഇസുമിയെ പിന്നിലേക്കിറക്കിയാണ് കഴിഞ്ഞകളിയില്‍ കളിപ്പിച്ചത്. വ്യത്യസ്ത പൊസിഷനുകളില്‍ കളിപ്പിച്ച് ഒരു മികച്ച പാറ്റേണ്‍ കണ്ടെത്തുമെന്ന് റെനെ വ്യക്തമാക്കിയിട്ടുണ്ട്. മധ്യനിരയാണ് കഴിഞ്ഞമത്സരത്തില്‍ നിറംമങ്ങിപ്പോയത്. അദ്ദേഹത്തെ അലട്ടുന്നതും ഇതാവും. നാല്‍പ്പതിനായിരത്തോളംവരുന്ന ആരാധകപ്പട പന്ത്രണ്ടാം കളിക്കാരനെപ്പോലെ ഗുണംചെയ്യും.

ജംഷേദ്പുരിന്റെ ശക്തിയും ദൗര്‍ബല്യവും

അനസ് എടത്തൊടിക എന്ന മലപ്പുറംകാരന്റെ പ്രതിരോധത്തിലെ സാന്നിധ്യം. നോര്‍ത്ത് ഈസ്റ്റിന്റെ നിരന്തര ആക്രമണങ്ങള്‍ക്കെതിരേ അവസാന 15 മിനിട്ടോളം പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും അവര്‍ പിടിച്ചുനിന്നു. സൗവിക് ചക്രവര്‍ത്തി, സൗവിക് ഘോഷ്, ടിരി എന്നിവരാണ് പ്രതിരോധത്തിലെ മറ്റു കരുത്തര്‍. മിഡ്ഫീല്‍ഡില്‍ സമീഗ് ഗുട്ടിയും മെഹ്താബ് ഹുസൈനും ഫോമിലാണ്. കഴിഞ്ഞകളിയില്‍ ബെല്‍ഫോര്‍ട്ട് ഇറങ്ങിയിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളും എവേ ആയതാണ് അവരുടെ സങ്കടം. ആദ്യ കളി ഗുവാഹാട്ടിയില്‍. രണ്ടാമത്തേത് കൊച്ചിയില്‍. നീണ്ടയാത്രകളെക്കുറിച്ച് പറഞ്ഞെങ്കിലും അതൊന്നും മോശം പ്രകടനത്തിന് ന്യായീകരണമല്ലെന്ന് കോപ്പല്‍ വ്യക്തമാക്കി. ആരാധകരുടെ അമിത പ്രതീക്ഷയുടെ സമ്മര്‍ദമില്ലാതെ കളിക്കാനും അവര്‍ക്കു കഴിയും. ആദ്യമത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ട ആന്‍ഡ്രെ ബിക്കെയ്ക്ക് കളിക്കാന്‍ കഴിയാത്തത് ക്ഷീണമാണ്.

എതിരാളികളെയല്ല, എന്റെ ടീമിന്റെ ശക്തിയിലാണ് നോക്കാറുള്ളത്. ലീഗ് തുടങ്ങിയതേയുള്ളൂ. ഒരു ടീമിനെയും വിലയിരുത്താറായിട്ടില്ല. അനസും മെഹ്താബും ടീമിന്റെ ശക്തികേന്ദ്രങ്ങളാണ്.

-സ്റ്റീവ് കോപ്പല്‍ (ജംഷേദ്പുര്‍ എഫ്.സി. കോച്ച്)


താരങ്ങളെ വിവിധ പൊസിഷനുകളില്‍ കളിപ്പിച്ചുനോക്കുന്നുണ്ട്. അത് എതിരാളികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. കോപ്പല്‍ മികച്ച കോച്ചാണ്. സബ്സ്റ്റിറ്റിയൂഷനുകള്‍ക്ക് ഒരു എക്സ്ട്രാ ഫാക്ടര്‍ വേണം. അതാണ് ഏറ്റവും പ്രധാനം.

-റെനെ മ്യൂലന്‍സ്റ്റീന്‍ (കേരള ബ്ലാസ്റ്റേഴ്സ് കോച്ച്)