കൊച്ചി: ആരെയും തോല്‍പ്പിക്കും, ആരോടും തോല്‍ക്കും. സീസണില്‍ ഉടനീളം അപ്രവചനീയ നീക്കങ്ങളുമായി മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍. ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ഞായറാഴ്ച സ്വന്തം തട്ടകത്തില്‍ എഫ്.സി. ഗോവയെ നേരിടുന്നു. 

ഗോവയില്‍ അഞ്ചു ഗോള്‍ വാങ്ങി മടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പലിശസഹിതം തിരിച്ചുകൊടുക്കാനുള്ള അവസരമാണ് ഞായറാഴ്ച. പരിക്കുള്ള കിസിറോണ്‍ കിസിറ്റോ കളിക്കുമോയെന്ന് ഉറപ്പില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയിലാണ്. ഞായറാഴ്ച ഗോവക്കെതിരേ ജയിച്ചാല്‍ ഐ.എസ്.എല്‍. പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിലെത്തും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് കിക്കോഫ്. 

പുതിയ സ്വപ്നങ്ങള്‍ 'ആദ്യറൗണ്ടില്‍ അഞ്ചു ഗോളിന് തോല്‍പ്പിച്ച ടീമിനെ നേരിടുമ്പോള്‍ കളിക്കാര്‍ക്ക് ഭയമുണ്ടാവില്ലേ...' എന്ന ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിന്റെ മറുപടി. നവവത്സരത്തലേന്ന് ബെംഗളൂരുവിനോട് 3-1ന് തോറ്റ് കോച്ചിനെ പുറത്താക്കേണ്ടിവന്ന ബ്ലാസ്റ്റേഴ്‌സ് ജെയിംസിന്റെ കീഴില്‍ അടിമുടി മാറിയെന്നതില്‍ സംശയമില്ല. 

ഡല്‍ഹിക്കെതിരെയും മുംബൈക്കെതിരെയും എവേ മത്സരങ്ങളില്‍ നേടിയ ജയം അതിന് അടിവരയിടുന്നു. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച ജംഷേദ്പുരില്‍ അവരോട് തോറ്റു. ഈ അപ്രവചനീയതയാണ് ബ്ലാസ്റ്റേഴ്‌സിനെ കുഴക്കുന്നത്. എങ്കിലും ഇടവേളയ്ക്കുശേഷം ഹോം ഗ്രൗണ്ടില്‍ തിരിച്ചെത്തുന്നതിന്റെ ആശ്വാസമുണ്ട്.ആരു ഗോളടിക്കുംആരു ഗോളടിക്കും എന്നതാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നത്.

 ഡല്‍ഹിക്കെതിരേ ഹാട്രിക്കോടെയും മുംബൈക്കെതിരേ വിവാദഗോളോടെയും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ച ഇയാന്‍ ഹ്യൂമിനെ ഞായറാഴ്ചയും ആശ്രയിക്കേണ്ടിവരും. ഗോളിയായി റെച്ചുബ്കയും പ്രതിരോധത്തില്‍ വെസ് ബ്രൗണും മധ്യനിരയില്‍ പെക്കുസണും ആദ്യ ഇലവനിലെ ഉറപ്പ്. പരിക്കുമൂലം കെസിറോണ്‍ കിസിറ്റോ കളിക്കില്ലെങ്കില്‍ മുന്നേറ്റത്തില്‍ ഹ്യൂമിനൊപ്പം സിഫ്‌നിയോസിനെ ഇറക്കും. പ്രതിരോധത്തിലും ബ്ലാസ്റ്റേഴ്‌സിന് ഇപ്പോള്‍ ആശങ്കകളുണ്ട്. 

ജംഷേദ്പുരിനെതിരായ മത്സരത്തില്‍ രണ്ടു ഗോളുകളും വന്നത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍നിന്നായിരുന്നു. കളി തുടരാന്‍ ഗോവഒന്‍പതു മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഗോവ പത്തുദിവസത്തെ വിശ്രമത്തിനുശേഷമാണ് കളിക്കാനിറങ്ങുന്നത്. ഒന്‍പതു കളിയില്‍ ഒന്‍പതു ഗോള്‍ നേടിയ ഫെറാന്‍ കോറോമിനാസും ഏഴു ഗോള്‍ നേടിയ മാനുവല്‍ ലാന്‍സറോട്ടിയും ചേര്‍ന്ന സ്?പാനിഷ് സഖ്യമാണ് അവരുടെ കരുത്ത്. ഗോവയില്‍ തങ്ങള്‍ക്കെതിരേ ഹാട്രിക് നേടിയ കോറോമിനാസിനെ തടയാനായില്ലെങ്കില്‍ സ്വന്തം മണ്ണിലും ബ്ലാസ്റ്റേഴ്‌സിന് വലിയ വിലകൊടുക്കേണ്ടിവരും.

Content Highlights: ISL 2017 Kerala Blasters vs FC Goa Manjappada