ന്യൂഡല്‍ഹി:ഡല്‍ഹിയുടെ കൊടുംതണുപ്പിന് ആവേശച്ചൂട് പകരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച ആതിഥേയര്‍ക്കെതിരേ അങ്കത്തിനിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹി ഡൈനാമോസിനും എട്ടാമതുള്ള ബ്ലാസ്റ്റേഴ്സിനും ബുധനാഴ്ച ജയത്തില്‍ക്കുറഞ്ഞ ലക്ഷ്യമില്ല. ടൂര്‍ണമെന്റിലെ പ്ലേ-ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ബുധനാഴ്ച രാത്രി എട്ട് മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

ഗോളടിയില്‍ പിശുക്ക് കാണിക്കുന്ന ഇരു ടീമുകളും ഇതുവരെ എട്ടു മത്സരങ്ങളില്‍ ഒന്നുമാത്രമാണ് ജയിച്ചത്. തോല്‍വി വഴങ്ങിയത് രണ്ട് മത്സരത്തില്‍ മാത്രമാണെന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഏക ആശ്വാസം.

അഞ്ചെണ്ണം സമനിലയായിരുന്നു. അഞ്ച് തോല്‍വി നേരിട്ട ഡല്‍ഹിക്ക് സ്വന്തം മൈതാനത്ത് ബുധനാഴ്ച അവസാന അടവും പുറത്തെടുക്കേണ്ടിവരും. ഈ സീസണില്‍ ഒരുതവണ പോലും ഡല്‍ഹിക്ക് ഹോം ഗ്രൗണ്ടില്‍ ജയിക്കാനായിട്ടില്ല.

ബ്ലാസ്റ്റേഴ്സ് മാറി

പുതിയ പരിശീലകനായി ഡേവിഡ് ജയിംസിന്റെ വരവും പുണെയ്ക്കെതിരേ പിന്നില്‍നിന്ന ശേഷം സമനില പിടിച്ചതും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പരിക്കിലുള്ള സി.കെ. വിനീത് കളത്തില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് പരിശീലകന്‍ ഡേവിഡ് ജയിംസ് ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വിനീത് ടീമില്‍ തിരിച്ചെത്തുകയാണെങ്കില്‍ ജാക്കി ചന്ദ് സിങ്ങിന് പകരമായിരിക്കും കളത്തിലിറങ്ങുക. ബാക്കി താരങ്ങള്‍ ആദ്യ ഇലവനില്‍ സ്ഥാനം കണ്ടെത്തും.

പുണെയ്ക്കെതിരേ രണ്ടാം പകുതിയില്‍ ആവേശം വിതറിയ യുഗാണ്‍ഡന്‍ താരം കെസിറോണ്‍ കിസിത്തോയെ രണ്ടാം പകുതിയില്‍ കളിപ്പിക്കാനാണ് സാധ്യത. മാര്‍ക്ക് സിഫ്നിയോസിനും ഇയാന്‍ ഹ്യൂമിനുമായിരിക്കും കേരളത്തിന്റെ മുന്നേറ്റനിരയുടെ ചുമതല. കഴിഞ്ഞ മത്സരത്തില്‍ മുന്‍ചാമ്പ്യന്മാരായ ചെന്നൈയിന്‍ സിറ്റിയെ സമനിലയില്‍ പിടിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്.

ഡേവിഡ് എന്‍ഗെയ്റ്റ് നയിക്കുന്ന മുന്നേറ്റനിര ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതാണ്. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായിറങ്ങി ഗോളടിച്ച ഗുയോണ്‍ ഫെര്‍ണാണ്ടസ് ബ്ലാസ്റ്റേഴ്സിനെതിരേ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. 

Content highlights: ISL 2017 Kerala Blasters vs Delhi Dynamos Football