ചെന്നൈ: നാടകീയതകള്‍ക്കൊടുവില്‍ ചെന്നൈയ്ന്‍ എഫ്.സിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. 89-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ചെന്നൈയ്ന്‍ വിജയത്തിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമില്‍ സി.കെ വിനീത് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനാകുകയായിരുന്നു.

ആദ്യ പകുതി ഗോളൊഴിഞ്ഞു നിന്നപ്പോള്‍ മത്സരത്തിന്റെ അവസാനനിമിഷങ്ങളിലാണ് ഗോളുകള്‍ പിറന്നത്. ജാക്കിചന്ദ് നഷ്ടപ്പെടുത്തിയ ഒരു ഓപ്പണ്‍ അവസരം മാത്രമാണ് ആദ്യ പകുതിയില്‍ കണ്ട നീക്കങ്ങളിലൊന്ന്. ഇടതുവിങ്ങില്‍ പന്ത് കൈപറ്റിയ വിനീത് കൗണ്ടര്‍ അറ്റാക്കിനായി പെക്കൂസണ് പന്ത് കൈമാറി. ബോക്‌സിലേക്ക് ഓടിയെത്തിയ പെക്കൂസണ്‍ വലത് വിങ്ങില്‍ ജാക്കിചന്ദിന് ഗോളിനുള്ള അവസരം തുറുന്നുകൊടുത്തു. പക്ഷേ ജാക്കിചന്ദിന് ലക്ഷ്യം തെറ്റി.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒന്നിലേറെ തവണ അവസരങ്ങള്‍ മെനഞ്ഞെടുത്തുവെങ്കിലും ഫിനിഷിങ്ങില്‍ പിഴക്കുന്ന കാഴ്ചയാണ് കണ്ടത്.  റഫറിയുടെ പിഴവാണ് ചെന്നൈയിന്‍ എഫ്‌സിക്ക് കളിയില്‍ മേല്‍ക്കൈ നേടിക്കൊടുക്കുന്നത്. 90-ാം മിനിറ്റില്‍ കേരളത്തിന്റെ ബോക്‌സിനുള്ളില്‍ വച്ച് സന്ദേശ് ജിങ്കനെതിരെ ഹാന്‍ഡ്‌ബോള്‍ വിളിക്കുകയായിരുന്നു. സംയമനത്തോടെ പെനാല്‍റ്റിയെടുത്ത റെനെ മിഹെലിക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ പോള്‍ റെച്ച്ബൂകയെ കവച്ചുവെച്ചു പന്ത് വലയിലേക്കടിച്ചു.

പിന്നീടുള്ള അധികസമയം കേരളത്തിന് പന്ത് കൊടുക്കാതെ സമയം കളയുവാനുള്ള ചെന്നൈയിന്‍ എഫ്‌സിയുടെ ശ്രമം പ്രകടമായിരുന്നു. എന്നാല്‍ അവസാന മിനിറ്റില്‍ വിനീത് രക്ഷക്കെത്തി. സന്ദേശ് ജിങ്കന്‍ വലതുവിങ്ങില്‍ മുന്നേറി ബോക്‌സിലേക്ക് ക്രോസ് കൊടുക്കുകയായിരുന്നു. പന്ത് കൃത്യമായി കാലില്‍ കൊള്ളിച്ച് വിനീത് പായിച്ച പന്ത് ചെന്നൈ ഗോളിക്ക് ഒരവസരവും നല്‍കിയില്ല. മത്സരം 1-1ന് സമനിലയിലായി.