ചെന്നൈ: കാത്തിരുന്നു നേടിയ വിജയത്തിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിന് 'ക്രിസ്മസ് പരീക്ഷ'. കരുത്തരായ ചെന്നൈയിന്‍ എഫ്.സി.യാണ് രണ്ടാം എവേ മത്സരത്തില്‍ ടീമിന്റെ എതിരാളി. ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് എട്ടിനാണ് മത്സരം.

മികച്ച ഫോമില്‍ കളിക്കുന്ന ചെന്നൈയിന്‍ എഫ്.സി.യെ അവരുടൈ തട്ടകത്തില്‍ നേരിടാനിറങ്ങുമ്പോള്‍ തോല്‍വി ഒഴിവാക്കലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാനലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ വെസ് ബ്രൗണ്‍, സി.കെ. വിനീത്, ജാക്കിചന്ദ് സിങ്, റെനോ ആന്റോ എന്നിവര്‍ ഫോമിലേക്കുയര്‍ന്നതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍, ബെര്‍ബറ്റോവിന്റെ പരിക്കും ഇയാന്‍ ഹ്യൂമിന്റെ ഫോമില്ലായ്മയും ടീമിനെ വലയ്ക്കുന്നുണ്ട്.

പോയന്റ് നിലയില്‍ ഏഴാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനക്കാരായ ചെന്നൈയിന്‍ വലിയ വെല്ലുവിളിയാകും. ഗോള്‍ അടിക്കുന്നതിലും വഴങ്ങുന്നതിലും ധാരാളിത്തം കാട്ടുന്ന ചെന്നൈയിന്‍ ഇതുവരെ സ്വന്തം കാണികള്‍ക്കുമുന്നില്‍ ഗോളടിക്കുന്നതില്‍ പിശുക്കുകാട്ടിയിട്ടില്ല. ആറു മത്സരങ്ങളില്‍നിന്നു നേടിയ 11 ഗോളുകളില്‍ എട്ടും ഹോം ഗ്രൗണ്ടിലായിരുന്നു. 

ഗോവക്കെതിരേ എവേ മത്സരത്തിലേറ്റ വന്‍തോല്‍വി ഒഴിച്ചുനിര്‍ത്തിയാല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര മോശമല്ല. നോര്‍ത്ത് ഈസ്റ്റിനെതിരേ ജയിച്ചതോടെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. പ്രതിരോധത്തിലൂന്നിയുള്ള ഗെയിംപ്ലാനാകും ടീം നടപ്പാക്കുന്നത്. അതേസമയം മുന്നേറ്റനിരയില്‍ ജെജെ ഫോമിലായത് ചെന്നൈയിന് പ്രതീക്ഷനല്‍കുന്നു. മുന്‍ ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ മുഹമ്മദ് റാഫി അവസാന പതിനൊന്നിലുണ്ടാകാനാണ് സാധ്യത. ഇനിഗോ കാല്‍ഡറോണിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്റ്റോ അടക്കുള്ള മധ്യനിരയും ശക്തരാണ്. ആറു കളിയില്‍ നാലിലും ജയിച്ച ടീമാണ് ചെന്നൈയിന്‍. 

Content Highlights; ISL 2017 Kerala Blasters vs Chennaiyin FC