കൊച്ചി: ഐ.എസ്.എല്ലില്‍ ഡിസംബര്‍ 31-ന് നടത്താനിരുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്.സി. മത്സരം നിശ്ചയിച്ച പ്രകാരം തന്നെ കൊച്ചിയില്‍ നടക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കു ശേഷം മത്സരം നടത്താന്‍ ഐ.എസ്.എല്‍. അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഫോര്‍ട്ട്കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ 31-ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട ഐ.എസ്.എല്‍. മത്സരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് പോലീസ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കത്ത് നല്‍കിയത്.

ശബരിമല ഡ്യൂട്ടിക്കും പോലീസിനെ വിന്യസിക്കേണ്ടതിനാല്‍ ഐ.എസ്.എല്ലിന് കൂടുതല്‍ പോലീസിനെ നല്‍കുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മത്സരക്രമം മാറ്റാനാകില്ലെന്ന് ഐ.എസ്.എല്‍. സംഘാടകര്‍ പോലീസിനെ അറിയിച്ചു. 

കൊച്ചിയിലെ മറ്റ് ഐ.എസ്.എല്‍. മത്സരങ്ങളെല്ലാം രാത്രി എട്ടിനാണെങ്കിലും ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരം 5.30-നാണ് തുടങ്ങുന്നത്. മത്സരം അവസാനിച്ച് ഏഴരയോടെ കാണികള്‍ സ്റ്റേഡിയം വിട്ടുപോകുമെന്നതിനാല്‍ രാത്രി വൈകിയുള്ള സുരക്ഷ വേണ്ടിവരില്ലെന്നാണ് സംഘാടകര്‍ പറയുന്നത്.