കൊച്ചി: കലിപ്പടക്കാന്‍, കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ഇവിടെ പോരാട്ടം തുടങ്ങുന്നു. സ്വന്തംമണ്ണിലേക്ക് വിരുന്നെത്തിയ ഐ.എസ്.എല്‍. നാലാം പൂരത്തിന്റെ ഉദ്ഘാടനമത്സരത്തില്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് അമര്‍ തമര്‍ കൊല്‍ക്കത്തയെ നേരിടുന്നു. പ്രതിരോധത്തില്‍ വിശ്വസ്തതയുടെ ആള്‍രൂപമായ സന്ദേശ് ജിംഗാനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചാണ് ബ്ലാസ്റ്റേഴ്സ് നാലാം സീസണിന് ബൂട്ടുകെട്ടുന്നത്. കൊച്ചിയിലെ ജവഹാര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് കിക്കോഫ്.

ഹ്യൂമും ബെര്‍ബറ്റോവും

ഇയാന്‍ ഹ്യൂമും ദിമിത്രി ബെര്‍ബറ്റോവും. കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയില്‍ ഇരുവരും ഉണ്ടാകുമെന്നാണ് കോച്ച് റെനെ മ്യൂളെന്‍സ്റ്റീന്‍ നല്‍കുന്ന സൂചന. ഹ്യൂമിനെ മുന്നില്‍നിര്‍ത്തി അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലാകും റെനെ ബെര്‍ബറ്റോവിനെ അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായം മുപ്പത് കടന്നെങ്കിലും വിങ്ങുകളില്‍നിന്നുള്ള ക്രോസുകള്‍ വലയിലാക്കാന്‍ അപാരമായ മിടുക്കുള്ളവരാണ്.

ആറു വിദേശികള്‍

പ്ലേയിങ്ങ് ഇലവനിലെ വിദേശികളുടെ എണ്ണം ആറില്‍ നിന്ന് അഞ്ചായി കുറച്ചെങ്കിലും നാലാം സീസണിലും ബ്ലാസ്റ്റേഴ്സ് നിരയില്‍ ആറു വിദേശികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. മുന്നേറ്റനിരയില്‍ ഹ്യൂമും ബെര്‍ബറ്റോവും കളിക്കുമ്പോള്‍ മിഡ്ഫീല്‍ഡില്‍ ഘാനയുടെ യുവതാരം കറേജ് പെകുസണും സ്ഥാനം ഉറപ്പാണ്. ഗോളിയായി ഇംഗ്ലീഷ് താരം പോള്‍ റെച്ചുകക്ക് പകരം ഇന്ത്യന്‍ താരം സുഭാശിഷ് ചൗധരിയെ പരീക്ഷിച്ചാല്‍ പ്രതിരോധത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണും സെര്‍ബിയന്‍ താരം നെമാഞ്ച പെസികും ഇറങ്ങും.. അഞ്ചു വിദേശതാരങ്ങളുടെ ക്വാട്ട ഇങ്ങനെ തീര്‍ന്നാലും അരാത്ത ഇസുമി എന്ന ഇന്ത്യന്‍വംശജനായ ജപ്പാന്‍ താരത്തെ സ്വദേശി താരമായിത്തന്നെ കളിപ്പിക്കാന്‍ കഴിയുന്നത് ബ്ലാസ്റ്റേഴ്സിന്റെ വിദേശക്കരുത്ത് കൂട്ടും. മലയാളിതാരങ്ങളായ സി.കെ. വിനീത് മധ്യനിരയിലും റിനോ ആന്റോക്ക് ആദ്യ ഇലവനിലും അവസരം ലഭിച്ചേക്കും. മിഡ്ഫീല്‍ഡില്‍ വിനീതിനും പെകുസണിനും അരാത്ത ഇസുമിക്കുമൊപ്പം മിലന്‍സിങ്ങോ, ജാക്കിചന്ദ് സിങ്ങോ ആകും കളിക്കുന്നത്.

കരുത്തുകാട്ടാന്‍ കൊല്‍ക്കത്ത

ഇതുവരെ കഴിഞ്ഞ ഐ.എസ്.എല്ലിന്റെ മൂന്നു സീസണുകളില്‍ രണ്ടിലും കിരീടംചൂടിയ കൊല്‍ക്കത്ത നാലാം പൂരത്തിന്റെ ഉദ്ഘാടന അരങ്ങിലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അയര്‍ലന്‍ഡുകാരനായ സൂപ്പര്‍ താരം റോബി കീന്‍ പരിക്കുമൂലം കളിക്കുന്നില്ല. ഇംഗ്ലീഷുകാരനായ ടെഡി ഷെറിങ്ങ്ഹാമിനെ പരിശീലകനാക്കി അമര്‍ തമര്‍ എന്ന പുതിയ പേരിലെത്തുന്ന കൊല്‍ക്കത്ത തന്ത്രങ്ങളിലും പദ്ധതികളിലും ഒട്ടും പിന്നിലല്ല. ബെംഗളൂരു എഫ്.സി.യുടെ കോച്ചായിരുന്ന ആഷ്ലി വെസ്റ്റ്വുഡിനെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നു.

കീന്‍ കളിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോളിലെ മികച്ചതാരങ്ങളായ യൂജിന്‍സണ്‍ ലിങ്ദോ, റോബിന്‍ സിങ്, പ്രബീര്‍ ദാസ്, ജയേഷ് റാണെ തുടങ്ങിയ താരങ്ങള്‍ കൊല്‍ക്കത്തയുടെ കരുത്താണ്. മധ്യനിരയില്‍ ഇംഗ്ലീഷ് യുവതാരം കൊണോര്‍ തോമസ് പ്ലേമേക്കറുടെ റോളിലെത്തും. എ.എസ്.എല്ലില്‍ ഇതുവരെ മുഖാമുഖം വന്ന എട്ടു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചത് കൊല്‍ക്കത്ത. ബ്ലാസ്റ്റേഴ്സ് ജയിച്ചത് ഒന്നില്‍ മാത്രം.