മഡ്ഗാവ്: ജംഷേദ്പൂരിനെ കീഴടക്കി ഗോവ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പോയന്റ് പട്ടികയില്‍ നാലാമതെത്തി. വ്യാഴാഴ്ച്ച രാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരുടെ ജയം. 

ഇരട്ടഗോള്‍ നേടിയ മാനുവല്‍ ലാന്‍സറോട്ടയുടെ പ്രകടനമാണ് ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. 54-ാം മിനിറ്റില്‍ ട്രിന്‍ഡാഡെ ഗോണ്‍ക്ലാവസ് ജംഷേദ്പൂരിന്റെ മടക്കഗോള്‍ നേടി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണ് നാലാമതുള്ള ഗോവയുടെ സമ്പാദ്യം. 10 പോയിന്റുമായി ജംഷേദ്പുര്‍ ഏഴാമതുണ്ട്.

42-ാം മിനിറ്റില്‍ ജംഷേദ്പുരിന്റെ പെനാല്‍റ്റി ബോക്‌സില്‍ ഗോവന്‍ താരം ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനെ ആന്ദ്രെ ബികെ ഫൗള്‍ ചെയ്തതിന് റഫറി ആതിഥേയര്‍ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചു. 

റഫറിയുടെ വിധിക്കെതിരെ ജംഷേദ്പൂര്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി പെനാല്‍റ്റിയില്‍ ഉറച്ചുനിന്നു. കിക്കെടുത്ത ലാന്‍സറോട്ട പന്ത് പോസ്റ്റിലെത്തിച്ചു. എന്നാല്‍ കിക്കെടുക്കുന്നതിന് മുമ്പ് ഗോവന്‍ താരം ബോക്‌സിലേക്ക് പ്രവേശിച്ചതിനാല്‍ റഫറി വീണ്ടും കിക്കെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാം തവണയും ലാന്‍സറോട്ടയ്ക്ക് പിഴച്ചില്ല. 

54-ാം മിനിറ്റില്‍ ജംഷേദ്പുര്‍ മത്സരത്തിലെ ഗോള്‍ മടക്കി ഒപ്പമെത്തി. വലത് വിങ്ങില്‍ നിന്ന് ജെറി മാവിമിങ്താങ് നല്‍കിയ ക്രോസിന് തലവെച്ചായിരുന്നു ട്രിന്‍ഡാഡെയുടെ ഗോള്‍.

എന്നാല്‍ ജംഷേദ്പൂരിന്റെ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, ആറ് മിനിറ്റുകള്‍ക്ക് ശേഷം ലാന്‍സറോട്ട വീണ്ടും സ്‌കോര്‍ ചെയ്തു. ജംഷേദ്പൂര്‍ ഒരുക്കിയ ഓഫ്‌സൈഡ് കെണി മറികടന്നായിരുന്നു ലാന്‍സറോട്ടയുടെ ഗോള്‍. ഗോളിന് വഴിയൊരുക്കിയതാകട്ടെ ബ്രണ്ടന്‍ ഫെര്‍ണാണ്ടസും.

Content Highlights: ISL 2017 FC Goa vs Jamshedpur FC