ചെന്നൈ:  ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ വിജയം എഫ്.സി ഗോവയ്ക്ക്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഗോവ തോല്‍പ്പിച്ചത്. ഐ.എസ്.എല്ലിലെ ആദ്യ രണ്ടു മത്സരങ്ങളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നാം മത്സരം ഗോളിനാല്‍ സമ്പന്നമാകുകയായിരുന്നു. മത്സരത്തില്‍ പിറന്ന അഞ്ചു ഗോളുകളില്‍ മൂന്നെണ്ണവും നേടിയത് സ്പാനിഷ് താരങ്ങളാണ്.

മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. സ്പാനിഷ് താരം കൊറോയിലൂടെ ഗോവ ലീഡ് നേടി. നാല് മിനിറ്റിന് ശേഷം ഗോവ വീണ്ടും ചെന്നൈയെ ഞെട്ടിച്ചു. ഇത്തവണ മാനുവല്‍ ബ്രൂണോ ആയിരുന്നു ഗോള്‍സ്‌കോറര്‍. ആദ്യ രണ്ടു ഗോള്‍ സ്പാനിഷ് താരങ്ങളില്‍ നിന്നാണ് വന്നതെങ്കില്‍ മൂന്നാം ഗോളടിക്കാനുള്ള അവസരം ഇന്ത്യന്‍ താരം മന്ദര്‍ റാവു ദേശായിക്കായിരുന്നു. 38-ാം മിനിറ്റില്‍ ലക്ഷ്യം തെറ്റാതെ ദേശായി വല ചലിപ്പിച്ചു. ഇതോടെ ഗോവ മൂന്നു ഗോള്‍ ലീഡിലേക്ക് നീങ്ങി.

ആദ്യ പകുതിയിലേറ്റ ഈ ആഘാതത്തിന് രണ്ടാം പകുതിയിലാണ് ചെന്നൈയിന്‍ മറുപടി നല്‍കിയത്. പക്ഷേ സമയം വൈകിപ്പോയെന്ന് മാത്രം. ആദ്യം 70-ാം മിനിറ്റില്‍ സ്പാനിഷ് താരം ഇനിഗോ കാല്‍ഡെറോണിലൂടെ ചെന്നൈയ്ന്‍ ഒരു ഗോള്‍ മടക്കി. കാല്‍ഡെറോണിന്റെ ഫ്രീകിക്ക് ഗോവ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ പിഴവിനെത്തുടര്‍ന്ന് വലയിലാകുകയായിരുന്നു,

84-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ചെന്നൈയ്ന്‍ വീണ്ടും തിരിച്ചടിച്ചു. ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ ലക്ഷ്യം പിഴക്കാതെ ഗോവയുടെ വല ചലിപ്പിക്കുകയായിരുന്നു. പക്ഷേ ആ ഗോളുകളിലൂടെ പരാജയഭാരം കുറക്കാന്‍ മാത്രമേ ചെന്നൈയിന് സാധിച്ചുള്ളു. അവസാന മിനിറ്റുകള്‍ ചെന്നൈയിന്‍ സമനില ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിജയത്തോടെ ഗോവയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് ലഭിച്ചു.

Content Highlights: ISL 2017 FC Goa vs Chennaiyin FC Football