ചെന്നൈ: ഏഴു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ കണ്ട ആവേശ മത്സരത്തിനൊടുവില്‍ ചെന്നൈയ്ന്‍ എഫ്.സിക്ക് വിജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ ചെന്നൈ കീഴടക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയുടെ വിജയം. 

65 മിനിറ്റിന് ശേഷമാണ് എല്ലാ ഗോളുകളും വന്നത് എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. 65-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയിലൂടെ ചെന്നൈ ലീഡ് പിടിച്ചു. എന്നാല്‍ സെക്യൂനയിലൂടെ 77-ാം മിനിറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ചെന്നൈ ഏഴു മിനിറ്റിന് ശേഷം വീണ്ടും ലീഡ് നേടി. ഇത്തവണ കാല്‍ഡെറോണായിരുന്നു ലക്ഷ്യം കണ്ടത്. 

പക്ഷേ ആവേശം ഒട്ടുംചോരാതെ നിശ്ചിത സമയത്തിന് ഒരു മിനിറ്റ് ശേഷിക്കെ കൊല്‍ക്കത്ത സമനില ഗോള്‍ നേടി. ഫിന്‍ലന്‍ഡ് താരം നിയാസി കുക്യി ആയിരുന്നു ഗോള്‍സ്‌കോറര്‍. 91-ാം മിനിറ്റില്‍ ജെജെ വീണ്ടും രക്ഷക്കെത്തിയതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ ഐ.എസ്.എല്ലിലെ മൂന്നാം വിജയം കരസ്ഥമാക്കി. 

വിജയത്തോടെ ചെന്നൈ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒരു തോല്‍വിയുമായി ചെന്നൈയ്ക്ക് ഒമ്പത് പോയിന്റായി. നാല് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയക്ക് ഇതുവരെ വിജയം കണ്ടെത്താനായിട്ടില്ല.