ഗോവ: ഐ.എസ്.എല്ലില്‍ ഗോള്‍മഴ കണ്ട ആവേശ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ എഫ്.സി ഗോവയ്ക്ക് വിജയം. ഏഴും ഗോളും ഒരു ചുവപ്പു കാര്‍ഡും കണ്ട മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് ഗോവ വിജയിച്ചത്. ഹാട്രിക് ഗോളുമായി തിളങ്ങിയ സ്പാനിഷ് താരം കോറൂമിനാസാണ് ഗോവയുടെ വിജയശില്‍പ്പി.

രണ്ടു ഗോളിന് പിന്നില്‍ നിന്നിട്ടും പത്ത് പേരായി ചുരുങ്ങിയിട്ടും ബെംഗളൂരു എഫ്.സി പോരാട്ടവീര്യം കാണിച്ചു. എന്നാല്‍ കോറൂമിനാസിന്റെ 63-ാം മിനിറ്റിലെ ഗോള്‍ ഗോവയ്ക്ക് വിജയമൊരുക്കുകയായിരുന്നു.

കളി തുടങ്ങി 16-ാം മിനിറ്റില്‍ തന്നെ സ്പാനിഷ് താരത്തിന്റെ ഗോളിലൂടെ ഗോവ ലീഡ് നേടി. എന്നാല്‍ നാല്് മിനിറ്റിനുള്ളില്‍ മികൂവിലൂടെ ബെംഗളൂരു തിരിച്ചടിച്ചു. 33-ാം മിനിറ്റില്‍ കോറൂമിനാസ് വീണ്ടും വല ചലിപ്പിച്ചതോടെ ഗോവ ലീഡ് തിരിച്ചുപിടിച്ചു. തുടര്‍ന്ന് ബെംഗളൂരു എഫ്.സിയുടെ ഗോള്‍മുഖം ഗോവ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. 

36-ാം മിനിറ്റില്‍ ബെംഗളൂരുവിന് തിരിച്ചടി നല്കി ഗുര്‍പ്രീത് സിങ്ങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പെനാല്‍റ്റി ബോക്‌സില്‍ വെച്ച് ലാന്‍സറോട്ടയെ മുഖത്ത് ഇടിച്ചതിനായിരുന്നു റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തത്. ഇതിന് ലഭിച്ച പെനാല്‍റ്റി ലാന്‍സറോട്ട ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചതോടെ ഗോവ 3-1ന്റെ ലീഡ് നേടി. 

രണ്ടാം പകുതിയില്‍ പത്ത് പേരുമായി കളി തുടര്‍ന്ന ബെംഗളൂരു പിടിച്ചു നിന്നു. 57-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഗോളാക്കി മാറ്റി എറിക് പാര്‍ടാലു ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു(3-2).  മൂന്നു മിനിറ്റിന് ശേഷം മികു രണ്ടാം ഗോളും നേടിയതോടെ ബെംഗളൂരു 3-3ന് ഗോവയെ ഒപ്പം പിടിച്ചു. 

എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഗോവ വീണ്ടും തിരിച്ചടിച്ചു. ഇത്തവണയും കോറുവായിരുന്നു ഗോള്‍സ്‌കോറര്‍ (4-3). ഏഴു മിനിറ്റിനുള്ളില്‍ മൂന്നു ഗോളുകള്‍ക്കാണ് ഗോവയിലെ സ്‌റ്റേഡിയം സാക്ഷിയായത്. 

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ച ബെംഗളൂരുവിന്റെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ഗോവ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി. ഹാട്രിക് നേടിയ കോറുവാണ് കളിയിലെ താരം.