ബെംഗളൂരു: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ബെംഗളൂരു എഫ്.സി. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ നാല് ഗോളിനാണ് നീലപ്പട തകര്‍ത്തത്. ഐ.എസ്.എല്ലില്‍ അരങ്ങേറിയ ബെംഗളൂരു കഴിഞ്ഞ മത്സരത്തില്‍ മുംബൈയെയും തോല്‍പ്പിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ താരം എറിക് പാര്‍താലു ഇരട്ടഗോളുമായി തിളങ്ങി. കളി തുടങ്ങി 23-ാം മിനിറ്റില്‍ തന്നെ എറികിലൂടെ ബെംഗളൂരു മുന്നിലെത്തി. എഡു ഗാര്‍സിയയുടെ ബോക്‌സിലേക്കുള്ള പന്ത് കാബ്ര, എറികിന് ഹെഡ് ചെയ്ത് കൊടുക്കുകയായിരുന്നു. 

പിന്നീട് ആദ്യ പകുതിയുടെ അധിക സമയത്ത് ഓസീസ് താരം വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ബെംഗളൂരു രണ്ടു ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിയും തുടങ്ങിയത് ബെംഗളൂരുവിന്റെ ഗോളോടെയായിരുന്നു. 57-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ലെനി റോഡ്രിഗസാണ് ലക്ഷ്യം കണ്ടത്.

പിന്നീട് അടുത്ത ഗോളെത്തിയത് 86-ാം മിനിറ്റിലാണ്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച കാലു ഉച്ചെ ഡല്‍ഹിയ്ക്കായി വല കുലുക്കി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ബെംഗളൂരു തിരിച്ചടിച്ചു. ഇത്തവണ വെനിസ്വേലന്‍ താരം മികുവാണ് ലക്ഷ്യം കണ്ടത്. രണ്ടാം വിജയത്തോടെ ബെംഗളൂരു ആറു പോയിന്റുമായി ഐ.എസ്.എല്ലില്‍ ഒന്നാമതെത്തി.