മുംബൈ: ഐ.എസ്.എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തക്ക് നാണംകെട്ട തോല്‍വി. കൊല്‍ക്കത്തയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒന്നിനെതിരെ നാലു ഗോളിനാണ് പുണെ എഫ്.സിയോട് കൊല്‍ക്കത്ത പരാജയപ്പെട്ടത്. 

ഐ.എസ്.എല്‍ ഈ സീസണിലെ ആദ്യ വിജയം തേടിയാണ് ഇരുടീമുകളും കളത്തിലറങ്ങിയത്. മാഴ്‌സലീനോ-ആല്‍ഫരോ കൂട്ടുകെട്ടിനെ തളക്കാന്‍ കഴിയാതിരുന്നതാണ് കൊല്‍ക്കത്ത് വിനയായത്. കഴിഞ്ഞ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ മാഴ്‌സലീനോ തുടക്കം മുതല്‍ പുണെയ്ക്ക് വേണ്ടി നിറഞ്ഞു കളിച്ചു. 

ഇരട്ടഗോള്‍ നേടിയ മാഴ്‌സലീനോ രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ആല്‍ഫരോയും രോഹിത് കുമാറുമാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. ബോള്‍ പൊസിഷനില്‍ കൊല്‍ക്കത്ത മുന്നിട്ടുനിന്നെങ്കിലും അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ അവര്‍ക്ക് പിഴക്കുകയായിരുന്നു. 

ബിപിന്‍ സിങ്ങ് ഫ്രീകിക്കിലൂടെ കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. വിജയത്തോടെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ പുണെ വിലപ്പെട്ട മൂന്നു പോയിന്റും അക്കൗണ്ടിലെത്തിച്ചു.