കൊല്‍ക്കത്ത: സ്വന്തം കാണികള്‍ക്ക് മുന്നില്‍ സന്ദര്‍ശകരായ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം വിജയം കൊല്‍ക്കത്ത പിടിച്ചെടുത്തത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 78-ാം മിനിറ്റില്‍ റോബി കീനാണ് കൊല്‍ക്കത്തയുടെ വിജയ ഗോള്‍ വലയിലാക്കിയത്. ഡല്‍ഹി പ്രതിരോധ കോട്ട ഭേദിച്ച് സെക്കന്‍ഡ് പോസ്റ്റിലേക്ക് കീന്‍ ഉതിര്‍ത്ത ഗ്രൗണ്ട് ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തുകയായിരുന്നു.

കളിയിലുടനീളം ഇരുടീമും ഒരുപോലെ പന്ത് കൈയ്യടക്കി കളിച്ചെങ്കിലും ലഭിച്ച അവസരം ഗോളാക്കാന്‍ സാധിക്കാതെ പോയത് ഡല്‍ഹിക്ക് തിരിച്ചടിയായി. സ്വന്തം തട്ടകത്തില്‍ ഈ സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ വിജയമാണിത്. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയും സഹിതം എട്ട് പോയന്റോടെ കൊല്‍ക്കത്ത ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഒരു മത്സരം മാത്രം ജയിച്ച ഡല്‍ഹി ഏറ്റവും അവസാന സ്ഥാനത്താണ്.