മുംബൈ: കളിയും കൈയാങ്കളിയും ചുവപ്പ് കാര്‍ഡുകളും കണ്ട മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സി. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ കീഴടക്കി.

മുംബൈ അരീനയില്‍ നടന്ന ഐ.എസ്.എല്‍. ഫുട്ബോളില്‍ കിട്ടിയ അവസരങ്ങളില്‍ ഭൂരിപക്ഷവും നാട്ടുകാര്‍ ഗോളാക്കിയപ്പോള്‍ അതിഥികള്‍ എല്ലാം പാഴാക്കി. ക്യാപ്റ്റന്‍ ലൂസിയാന്‍ ഗോയിന്‍(12), എവര്‍ട്ടണ്‍ സാന്റോസ്(43), തിയാഗോ സാന്റോസ്(49), ബല്‍വന്ദ് സിങ്(79) എന്നിവരാണ് ലക്ഷ്യം കണ്ടത്. 

 ഡല്‍ഹി ഡൈനാമോസിന് തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്. കളി പലപ്പോഴും കൈയാങ്കളിയിലേക്ക് മാറി. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ, മുംബൈയുടെ സെഹ്നാജ് സിങ്ങും ഡല്‍ഹിയുടെ ബ്രസീലിയന്‍ താരം ക്ലോഡിയോ മത്തിയാസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.