മുംബൈ: മുറിവുണങ്ങിയ തലയുമായി കളിച്ച ഇയാന്‍ ഹ്യൂം മുംബൈയ്ക്ക് നീറുന്ന മുറിവ് സമ്മാനിക്കുകയായിരുന്നു ആ ഗോളിലൂടെ. കാരണം അത്രയ്ക്ക് മനോഹരമായിരുന്നില്ല ആ ഗോള്‍. തന്ത്രത്തിനൊപ്പം കുതന്ത്രവും ഒളിപ്പിച്ചുവെച്ച ഗോളായിരുന്നു അത്‌ എന്നതു തന്നെയാണ് അതിന് കാരണം.

മത്സരത്തിന്റെ ഗതി മാറ്റിയ ആ ഗോള്‍ പിറന്നത് 23-ാം മിനിറ്റിലാണ്. സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന് ഫ്രീ കിക്ക് ലഭിക്കുന്നു. മുംബൈയുടെ കളിക്കാര്‍ ഒരുങ്ങിനില്‍ക്കും മുമ്പ് പെകൂസണ്‍ അല്‍പം മുന്നോട്ടുകയറി പന്ത് ഹ്യൂമിന് തട്ടിക്കൊടുക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മുംബൈക്കാര്‍ അറിയും മുന്‍പ് തന്നെ ഹ്യൂം പ്രതിരോധഭിത്തി കടന്ന് ബോക്സിലെത്തി. ഗോളി ഓടി  മുന്നോട്ടു കയറിയെങ്കിലും ഇടത്തെ പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്യാന്‍ മികച്ച സ്‌കോറിങ് മെഷിനായി ഹ്യൂമിന് ഏറെ സാഹസപ്പെടേണ്ടിവന്നില്ല.

എന്നാല്‍ പെകൂസണെടുത്ത ആ ഫ്രീ കിക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കണ്ണടച്ചുതുറക്കും വേഗത്തില്‍, എതിര്‍ കളിക്കാര്‍ തയ്യാറെടുക്കും മുമ്പ് സാധാരണ ഫ്രീ കിക്കെടുക്കാറില്ല. ഇത്രയും വേഗത്തിലൊരു കിക്ക് ഫുട്‌ബോളില്‍ പതിവുമല്ല. പക്ഷേ കളി നിയന്ത്രിച്ച റഫറിക്ക് ആ കിക്കില്‍ പ്രതിഷേധമൊന്നുമില്ലായിരുന്നു. ഗോളിനും ഫ്രീ കിക്കിനുമെതിരായ മുംബൈ താരങ്ങളുടെ പ്രതിഷേധത്തിന റഫറി ചെവികൊടുത്തതുമില്ല.