മുംബൈ: ഡല്‍ഹിക്കെതിരെ ഹാട്രിക് ഗോള്‍, മുംബൈക്കെതിരെ വിജയഗോള്‍..ഐ.എസ്.എല്ലില്‍ ഫോമിലേക്കുയരാന്‍ ഇയാന്‍ ഹ്യൂം കോച്ച് ഡേവിഡ് ജെയിംസിനെ കാത്തിരിക്കുകയായിരുന്നു. തലയിലെ മുറിവില്‍ പ്ലാസ്റ്റര്‍ ചുറ്റി കളിക്കാനിറങ്ങുന്ന ഹ്യൂമിന്റെ പോരാട്ടവീര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുകയുമില്ല. 

മുംബൈക്കെതിരായ മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത് ഒരു ഇമോജിയും പിന്നെയൊരു ചിത്രവുമാണ്. തലയില്‍ ബാന്‍ഡേജ് കെട്ടി സങ്കടപ്പെട്ട് നില്‍ക്കുന്ന ഇമോജി ഹ്യൂമിനെ സൂചിപ്പിക്കാനാണ് ഇപ്പോള്‍ ആരാധകര്‍ ഉപയോഗിക്കുന്നത്. മഞ്ഞ ജഴ്‌സി പോലെ മഞ്ഞനിറമുള്ള ഈ ഇമോജിയെ ഇനി ഹ്യൂമേട്ടന്‍ എന്നു വിളിക്കാനാണ് ആരാധകരുടെ തീരുമാനം. 

മുംബൈയുടെ സ്റ്റേഡിയമായിരുന്നെങ്കിലും അവിടെ നിറഞ്ഞുകവിഞ്ഞത് മഞ്ഞപ്പടയായിരുന്നു. ഇതിനിടയില്‍ വ്യത്യസ്തമായ പോസ്റ്റര്‍ പിടിച്ചുനില്‍ക്കുന്ന മഞ്ഞപ്പടയുടെ ആരാധകരും ഫോട്ടോഗ്രാഫറുടെ കണ്ണില്‍പെട്ടു. ഓട് മുംബൈ കണ്ടം വഴി എന്നായിരുന്നു ആ പോസ്റ്ററിലെഴുതിയിരുന്നത്. ഏതായാലും തോല്‍വിയോടെ മുംബൈ കണ്ടം വഴി തന്നെ ഓടി എന്നാണ് മഞ്ഞപ്പട പറയുന്നത്. 

ഐ.എസ്.എല്ലില്‍ എപ്പോഴും ഹ്യൂമിന്റെ ഇഷ്ടഎതിരാളികള്‍ മുംബൈ സിറ്റി തന്നെയായിരുന്നു. മുംബൈക്കെതിരായ പ്രകടനം എടുത്തുനോക്കിയാല്‍ അതു മനസ്സിലാകും. ഏഴു മത്സരങ്ങള്‍ മുംബൈക്കെതിരെ കളിച്ച കനേഡിയന്‍ താരം ഏഴു ഗോളുകള്‍ നേടുകയും ചെയ്തു. 

ഐ.എസ്.എല്ലിലെ 27 ഗോളുകളില്‍ ഏഴെണ്ണം മുംബൈക്കെതിരെയായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയില്‍ മുംബൈക്കെതിരെ ഹ്യൂം ഗോള്‍ നേടുന്നത് ആദ്യമായാണ്. ഇതിന് മുമ്പ് കൊല്‍ക്കത്തയ്ക്ക് കളിക്കുമ്പോഴാണ് ഹ്യൂം ഗോള്‍ നേടിയത്. അതില്‍ ഒരു ഹാട്രികും ഉള്‍പ്പെടുന്നു.

Content Highlights: Ian Hume Emoji Kerala Blasters ISL 2017 Manjappada