പുണെ: മലപ്പുറത്തുകാരന്‍ ആഷിഖ് കുരുണിയന്റെ ഗോളില്‍ തുടക്കം. ബ്രസീലുകാരന്‍ മാഴ്സലീന്യോയുടെ ഹാട്രിക്കില്‍ അപ്രമാദിത്തം. ഒടുവില്‍ ആദില്‍ ഖാന്റെ ഗോളില്‍ കൊട്ടിക്കലാശം, ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തിയ പുണെ സിറ്റി എഫ്.സി. മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്  നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. 

എട്ടാം മിനിറ്റിലായിരുന്നു ആഷിഖ് ഗോള്‍ മേളത്തിന് തുടക്കമിട്ടത്. 27, 45, 86 മിനിറ്റുകളിലായിരുന്നു മാഴ്സലീന്യോയുടെ ഗോളുകള്‍. 88-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നോര്‍ത്ത് ഈസ്റ്റ് പോസ്റ്റിലേക്ക് അവസാന ആണിയുമടിച്ചു. 
വിജയത്തോടെ പുണെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

എട്ട് മത്സരങ്ങളില്‍ 15 പോയന്റാണ് അവര്‍ക്കുള്ളത്. ഏഴ് മത്സരങ്ങളില്‍ നാല് പോയന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള ചെന്നൈയിന്‍ എഫ്.സിയാണ് ലീഗില്‍ ഒന്നാമത്. 

മൂന്ന് മലയാളി താരങ്ങളാണ് ഇരു ടീമുകളിലുമായി ആദ്യ ഇലവനില്‍ കളിച്ചത്. ആഷിഖിനു പുറമേ നോര്‍ത്ത് ഈസ്റ്റ് നിരയില്‍ അബ്ദുല്‍ ഹക്കുവും ടി.പി. രഹനേഷും ഇടം കണ്ടെത്തി.