പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സെമിയില്‍ ഗോവ ചെന്നൈയിന്‍ എഫ്‌സി  ആദ്യ പാദ മത്സരം സമനിലയില്‍ പിരിഞ്ഞു. ഗോവയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. 64-ാം മിനിറ്റില്‍ ഗോവയ്ക്കായി മാനുവല്‍ ലാന്‍സറോട്ടെ ബ്രുണോയും ചെന്നൈയിനായി 71-ാം മിനിറ്റില്‍ അനിരുദ്ധ ഥാപ സമനില ഗോളും നേടി. 

സ്വന്തം കാണികളുടെ മുന്നില്‍ ഗോവ കളംനിറഞ്ഞ് കളിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. എവേ മത്സരത്തില്‍ സമനില നേടിയതിന്റെ ആത്മവിശ്വാസത്തിലാകും ചെന്നൈ രണ്ടാം പാദത്തിനിറങ്ങുക.

ബുധനാഴ്ച നടന്ന പുണെ സിറ്റി ബെംഗളൂരു എഫ്‌സി  ആദ്യ സെമിയിയുടെ ഒന്നാം പാദം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ഞായറാഴ്ചയാണ് ഇവര്‍ തമ്മിലുള്ള രണ്ടാം പാദ സെമിനടക്കുക.