കോഴിക്കോട്: പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ നിന്ന് പുറത്തായതിന് പിന്നാലെ പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പരിശീലകനെന്നാണ് ഡേവിഡ് ജെയിംസിനെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ബെര്‍ബറ്റോവ് വിമര്‍ശിച്ചത്. ഐ.എസ്.എല്‍ സീസണിന് ശേഷം സ്വന്തം നാടായ ബള്‍ഗേറിയക്ക് മടങ്ങുംമുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിമാനത്തിനുള്ളില്‍ നിന്നുള്ള  ചിത്രത്തിനോടൊപ്പമാണ് ബെര്‍ബറ്റോവിന്റെ പരിഹാസം.

ഡേവിഡ് ജെയിംസിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ അറിയില്ലെന്നും സ്‌ട്രൈക്കറുടെ നെഞ്ചിലേക്ക് പന്ത് ചിപ്പ് ചെയ്തു കൊടുക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഏതെങ്കിലും കോച്ച് നല്‍കുമോ എന്നും ബെര്‍ബറ്റോവ് പരിഹസിക്കുന്നു. ഇതുപോലെ ആരാണ് കളിക്കുകയെന്നും ബെര്‍ബറ്റോവ് ചോദിക്കുന്നു. 

ബെര്‍ബറ്റോവിന്റെ പരിഹാസത്തിന് പിന്നാലെ ഈ വിഷയത്തില്‍ അഭിപ്രായവുമായി ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു താരങ്ങളായ മൈക്കല്‍ ചോപ്രയും ഇയാന്‍ ഹ്യൂമും രംഗത്തെത്തി. നിരവധി മികച്ച പരിശീലകരുടെ കീഴില്‍ കളിച്ച ബെര്‍ബ ഇതുപറയുന്നുണ്ടെങ്കില്‍ അതു സത്യമാകുമെന്നാണ് ചോപ്രയുടെ പക്ഷം. മികച്ച താരങ്ങളില്‍ മികച്ച കളി കിട്ടണമെങ്കില്‍ അവരുടെ സ്‌ട്രെങ്തിന് അനുസരിച്ച് ടാക്റ്റിക്‌സ് മാറ്റണമെന്നും ബെര്‍ബ മികവിലേക്ക് ഉയരാത്തത് ടാക്റ്റിക്‌സിലെ പോരായ്മ കൊണ്ടാണെന്നും ചോപ്ര തുറന്നടിച്ചു. ഡേവിഡ് ജെയിംസിന് കീഴില്‍ ആദ്യ സീസണില്‍ കളിച്ച താരങ്ങള്‍ക്ക് ബെര്‍ബറ്റോവ് ഇപ്പോള്‍ പറയുന്നത് മനസ്സിലാകുമെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബെര്‍ബറ്റോവ് തിരികൊളുത്തിയ വിവാദങ്ങള്‍ക്കെതിരെയാണ് ഇയാന്‍ ഹ്യൂമിന്റെ പ്രതികരണം. പരോക്ഷമായി പറയാതെ ഡേവിഡ് ജെയിംസിനെ പിന്തുണക്കുന്ന നിലപാടാണ് ഹ്യൂമെടുത്തത്. നിങ്ങള്‍ക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുകയെന്നാണ് ഹ്യൂം ട്വീറ്റ് ചെയ്തത്. ആരേയും വിഷമിപ്പിക്കാനല്ല ഇങ്ങനെ പറഞ്ഞതെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനാവശ്യമായ പിഴവുകളുണ്ടാക്കാനാണ് ചിലര്‍ ശ്രമക്കുന്നതെന്നും അത് ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്നും ഹ്യൂം ട്വീറ്റ് ചെയ്തു. 

ഐ.എസ്.എല്‍ ക്ലബ്ബുകളും ഐ ലീഗ് ക്ലബ്ബുകളും അണിനിരിക്കുന്ന സൂപ്പര്‍ കപ്പില്‍ ബൂട്ടണിയാന്‍ ബെര്‍ബറ്റോവ് ഉണ്ടാകില്ലെന്നാണ് സൂചന. ഡേവിഡ് ജെയിംസിനെതിരായ വിമര്‍ശനം അതിന് ആക്കം കൂട്ടുന്നതാണ്. റെനെ മ്യൂലന്‍സ്റ്റീനെ പുറത്താക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജെയിംസിനെ പരിശീലകനാക്കിയത്. അതേസമയം ബെര്‍ബറ്റോവിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് മ്യൂലന്‍സ്റ്റീനായിരുന്നു.

 Content Highlights: Dimitar Berbatov On Kerala Blasters Coach David James and Reply Of Iain Hume