ഡല്‍ഹി: ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരം അവസാനിച്ചെങ്കിലും ഇരുടീമുകളും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളടിച്ച് വിജയിച്ചെങ്കിലും ഗ്രൗണ്ടില്‍ കളിച്ചത് ഡല്‍ഹിയായിരുന്നുവെന്ന് ഡല്‍ഹിയുടെ പരിശീലകന്‍ മിഗ്വെല്‍ പോര്‍ച്ചുഗല്‍ വ്യക്തമാക്കിയിരുന്നു. ഡേവിഡ് ജെയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോളല്ലെന്നും മിഗ്വെല്‍ പോര്‍ച്ചുഗല്‍ വിമര്‍ശിച്ചിരുന്നു. 

ഇതിന് പിന്നാലെ ഡല്‍ഹി ടീം മാനേജര്‍ രോഹന്‍ ശര്‍മ്മയും ബ്ലാസ്‌റ്റേഴ്‌സിനെതിരെ രംഗത്തുവന്നു. ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്‌നിയോസിനെ വിമര്‍ശിച്ചാണ് രോഹന്‍ ശര്‍മ്മയുടെ ട്വീറ്റ്. ഹാഫ് ടൈമിന് വിസില്‍ മുഴങ്ങാന്‍ സമയമെടുത്തെന്നും രോഹന്‍ ആരോപിക്കുന്നു.

സിഫ്‌നിയോസ് ഡല്‍ഹിയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ സാബി ഇറുറെറ്റയ്‌ക്കെതിരെ നടത്തിയത് വൃത്തികെട്ട നീക്കമായിരുന്നു. അതിന് കാര്‍ഡ് വരെ ലഭിക്കേണ്ടാതായിരുന്നു, രോഹന്‍ ട്വീറ്റ് ചെയ്തു. പ്രീതം കോട്ടാലിന്റെ ഹെഡ്ഡറിലൂടെ ഡല്‍ഹി സമനില ഗോള്‍ നേടി നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു സിഫ്‌നിയോസിന്റെ ഭാഗത്ത് നിന്ന് മോശം നീക്കമുണ്ടായതെന്നും രോഹന്‍ ആരോപിക്കുന്നു. 

screen shot

Content Highlights: Delhi Dynamos director Rohan Sharma lashes out at Kerala Blasters star Mark Sifneos