കൊച്ചി: കര കാണാതെ നടുകടലില്‍ നീന്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാന്‍ പുതിയ കപ്പിത്താന്‍. ഐ.എസ്.എല്ലിലെ ഇനിയുള്ള മത്സരങ്ങളില്‍ ഇംഗ്ലീഷ് ഗോള്‍കീപ്പറായിരുന്ന ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കും. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ഡേവിഡ് ജെയിംസും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 

നിലവിലെ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ജെയിംസിനെ പുതിയ പരിശീലകനായി മാനേജ്‌മെന്റ് തിരഞ്ഞെടുത്തത്. അതേസമയം ബ്ലാസ്റ്റേഴ്‌സില്‍  ജെയിംസിന് ഇത് രണ്ടാമൂഴമാണ്. ഐ.എസ്.എല്ലിന്റെ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനും ഗോള്‍കീപ്പറും മാര്‍ക്യൂ താരവുമായിരുന്നു ജെയിംസ്. അന്ന് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിന്റെ ഫൈനലിലെത്തിയിരുന്നു. 

നിലവില്‍ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഒരൊറ്റ വിജയം മാത്രമാണ് അക്കൗണ്ടിലുള്ളത്. ഏഴ് പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ പരിശീലകനെന്ന നിലയില്‍ ഡേവിഡ് ജെയിംസിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്.

പ്രൊഫഷണല്‍ ഫുട്ബോളില്‍ 24 വര്‍ഷത്തെ പരിചയമുള്ള ഡേവിഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനുംവേണ്ടി കളിച്ചിട്ടുണ്ട്. 1997-നും 2010-നും ഇടയ്ക്ക് 53 തവണ ഇംഗ്ലണ്ട്‌ ദേശീയ ടീമിനുവേണ്ടി ഡേവിഡ് കളിച്ചിട്ടുണ്ട്. 2004-ലെ യൂറോ കപ്പിലും 2010-ലെ ലോകകപ്പിലും ഇംഗ്ലണ്ടിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയിരുന്നു.

Content Highlights: David James Kerala Blasters New Coach ISL 2017