കൊച്ചി: മുംബൈക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം നേടിയ ഗോള്‍ പെര്‍ഫെക്ടാണെന്ന് കോച്ച് ഡേവിഡ് ജെയിംസ്. ഞായറാഴ്ച ഗോവ എഫ്സിയുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വിവാദ ഗോളിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ചിലര്‍ പറയുന്നു ഹ്യൂം ഓഫ്സൈഡ് ആയിരുന്നെന്ന്. എന്നാല്‍ അദ്ദേഹം ഓഫ്സൈഡ് ആയിരുന്നില്ല. മാത്രമല്ല, റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തു. പെര്‍ഫെക്ട്!' -ഹ്യൂമിന്റെ ഗോളിനെ കുറിച്ചുള്ള ചോദ്യത്തിന് ഡേവിഡ് ജെയിംസിന്റെ പ്രതികരണമിതായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച മുംബൈ സിറ്റിയ്ക്ക് എതിരായ മത്സരത്തിലെ 23-ാം മിനിറ്റിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച ഗോള്‍ പിറന്നത്. 23-ാം മിനിറ്റില്‍ സിഫ്നിയോസിനെ ഫൗള്‍ ചെയ്തതിന്റെ പേരില്‍ ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് ലഭിച്ചു. മുംബൈ കളിക്കാര്‍ തയാറാകുന്നതിന് മുമ്പേ പെകൂസണ്‍ പന്ത് ഹ്യൂമിന് കൈമാറി. ഹ്യൂം മിന്നല്‍ വേഗത്തില്‍ പന്ത് വലയിലാക്കുകയും ചെയ്തു. 

ഗോളിനെതിരെ മുംബൈ കളിക്കാര്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. ഈ ഒരൊറ്റ ഗോളിന്റെ ബലത്തില്‍ എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഹ്യൂമിന്റെ ഗോളിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയായിരുന്നു.

ഇത്രവേഗത്തില്‍ ഫ്രീകിക്കെടുക്കുക പതിവില്ലെന്നും ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ ഫെയര്‍ പ്ലേയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് ഗോളിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍, ഫ്രീകിക്കും ഗോളും കളിനിയമങ്ങള്‍ക്ക് അനുസൃതമായിരുന്നെന്നും റഫറി ഗോള്‍ അനുവദിച്ചത് ഇതുകൊണ്ടാണെന്നും മറുവിഭാഗം പറയുന്നു.

മുംബൈ സിറ്റിയ്ക്കെതിരെ ജയിച്ചെങ്കിലും ബുധനാഴ്ച ജംഷെഡ്പൂര്‍ എഫ്സിയ്ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഞായറാഴ്ച്ച ഗോവ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ മത്സരിക്കാനിറങ്ങുന്നത്. മത്സരത്തിനായി തന്റെ ടീം സജ്ജമാണെന്നും ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights: David James Kerala Blasters Coach On Ian Hume Goal ISL 2017 Manjappada