കൊച്ചി: മത്സരത്തലേന്ന് ചര്‍ച്ചകളെല്ലാം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ചുറ്റിപ്പറ്റിയായിരുന്നു. അവിടെ സഹപരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍, ഡിഫന്‍ഡര്‍ വെസ്ലി ബ്രൗണ്‍, സ്ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവ്, ഗോള്‍ കീപ്പര്‍ പോള്‍ റച്ചൂബ്ക്ക എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിലുള്ളതാണ് ചര്‍ച്ചയ്ക്ക് കാരണം. ഇവിടംകൊണ്ടും തീരുന്നില്ല. 

ബ്ലാസ്റ്റേഴ്സിന്റെ എതിരാളി കൊല്‍ക്കത്തയുടെ കോച്ച് ടെഡി ഷെറിങ്ങാം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 104 മത്സരങ്ങളില്‍നിന്ന് 31 ഗോളുകള്‍ നേടിയ സ്ട്രൈക്കറാണ്. ആകെ മാഞ്ചെസ്റ്റര്‍ മയം. അവരുടെ ബ്രാന്‍ഡ് ഫുട്ബോളാണ് കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് റെനെ മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കുകയും ചെയ്തു. ബെര്‍ബറ്റോവും വെസ് ബ്രൗണും അടക്കമുള്ള വന്‍ താരനിരയ്ക്കിടയിലും കോച്ച് പ്രതീക്ഷ വെക്കുന്ന മറ്റൊരാളുണ്ട്, കറേജ് പെകുസന്‍.

ഘാനക്കാരനാണ്. 22 വയസ്സുമാത്രം. ഒരുപക്ഷേ, ഈ ഐ.എസ്.എല്ലിന്റെ താരമാകാന്‍പോലും കഴിയുന്നയാളായാണ് പെകുസനെ ആരാധകര്‍ വിലയിരുത്തുന്നത്. സ്പെയിനില്‍ നടന്ന പ്രീ-സീസണ്‍ മത്സരങ്ങളിലെ പ്രകടനമാണ് പ്രതീക്ഷകള്‍ക്ക് കാരണം. ആദ്യ പ്രീ-സീസണ്‍ മാച്ചില്‍ സ്?പാനിഷ് ടീമായ അത്ലറ്റിക് കോയിനെതിരേ പെകുസന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്.

ഹ്യൂമിന്റെയും ബെര്‍ബറ്റോവിന്റെയും പിന്നില്‍ ഇടതുവിങ്ങറായാകും പെകുസന്‍ കളിക്കുന്നത്. ഹോസുവിന് പകരക്കാരനായി പെകുസന് തിളങ്ങാന്‍ കഴിയുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. സ്ലൊവേനിയന്‍ ലീഗില്‍ കളിച്ചാണ് പ്രൊഫഷണല്‍ രംഗത്തേക്ക് ചുവടുവെച്ചത്. 23 കളിയില്‍നിന്നായി നാലു ഗോള്‍ നേടിയിട്ടുണ്ട്. ഘാനയുടെ അണ്ടര്‍-23 ടീമിലും കളിച്ചു. ദുബായിയില്‍ കളിച്ചുവരവെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ബെര്‍ബറ്റോവിനും വെസ് ബ്രൗണിനുമൊപ്പം കളിക്കുന്നത് വലിയ അവസരവും അഭിമാനവുമാണെന്ന് പെകുസന്‍ പറയുന്നു.