കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനെതിരെ മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സി.കെ വിനീത്. ഈ വിഷയത്തില്‍ ജിംഗാനൊപ്പമാണെന്നും നാലു മണിവരെ മദ്യപിച്ച മുറിയിലേക്ക് വരുന്നയാളല്ല ജിംഗാനെന്നും വിനീത് വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന ഗോവയുമായുള്ള മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിനീത്. 

ഒരു കോച്ചിനെതിരെ പറയാനൊന്നും ഞാന്‍ വളര്‍ന്നിട്ടില്ല. പക്ഷേ ജിംഗാനെതിരെ മ്യൂലന്‍സ്റ്റീന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ടീമംഗങ്ങളും മാനേജ്‌മെന്റും ജിംഗാനൊപ്പമാണ്. വിനീത് വ്യക്തമാക്കി. 

അതേസമയം കൂടുതല്‍ പ്രതികരണം അടുത്ത ദിവസം നടത്താമെന്ന് ജിംഗാന്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള റെനെയുടെ ആരോപണങ്ങല്‍ കേട്ടപ്പോള്‍ തമാശയായാണ് തോന്നിയതെന്നും തന്നെക്കണ്ടാല്‍ മദ്യപിക്കുന്നയാളാണെന്ന് തോന്നുമോയെന്നും ജിംഗാന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 

ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ പ്രൊഫഷണല്‍ താരമല്ലെന്നും ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ജിംഗാനെ മദ്യം മണക്കുന്നുണ്ടായിരുന്നുവെന്നുമായിരുന്നു റെനെയുടെ വിവാദ പരാമര്‍ശങ്ങള്‍. ബ്ലാസ്റ്റേഴ്സ് തോല്‍ക്കുന്നതിന് പ്രധാന ഉത്തരവാദി ജിംഗാനാണെന്നും റെനെ ഫുട്ബോള്‍ വെബ്സൈറ്റ് ഗോളിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.

ഗോവയുടെ തട്ടകത്തില്‍ ഗോവക്കെതിരെ നടന്ന മത്സരത്തില്‍ പുലര്‍ച്ചെ നാലു മണിവരെ ജിംഗാന്‍ പാര്‍ട്ടിയും മദ്യപാനവുമായി കഴിയുകയായിരുന്നുവെന്നും റെനെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ജിംഗാന്റെ പിഴവില്‍ നിന്ന് പെനാല്‍റ്റി വന്നത് മന:പൂര്‍വ്വമായിരുന്നുവെന്നും റെനെ വ്യക്തമാക്കിയിരുന്നു. 

Content Highlights: CK Vineeth on Sandesh Jhingan and Rene Meulensteen