കൊച്ചി: പുതുവത്സരത്തലേന്ന് ബെംഗളൂരു എഫ്.സിയുമായുള്ള അങ്കത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരുവിനെതിരെ കളത്തിലിറങ്ങുമ്പോള്‍ അത് മലയാളി താരങ്ങളായ സി.കെ വിനീതിനെയും റിനോ ആന്റോയേയും സംബന്ധിച്ച് കളി പഠിച്ച ടീമിനെതിരെയുള്ള മത്സരമായിരിക്കും. എന്നാല്‍ ആ മത്സരത്തെ ഒരു സാധാരണ കളി പോലെയേ കാണുന്നുള്ളൂ എന്ന് വിനീത് വ്യക്തമാക്കി.

'ഞാന്‍ ബഹുമാനിക്കുന്ന ക്ലബ്ബാണ് ബെംഗളൂരു എഫ്.സി. ഇന്ന് ഞാന്‍ എവിടെ എത്തിനില്‍ക്കുന്നോ അതിനുള്ള ഒരു കാരണം. ബ്ലാസ്റ്റേഴ്‌സിലെത്തിയതും ബെംഗളൂരു എഫ്.സിയുടെ തട്ടകത്തില്‍ കളിപഠിച്ച ശേഷമാണ്. പിന്നെ പ്രൊഫഷണലായ രീതിയിലാണ് ഞാന്‍ മത്സരങ്ങളെ സമീപിക്കുന്നത്. ഇതും മറ്റു മത്സരങ്ങളെപ്പോലെ ഒരു സാധാരണ കളി ആയാണ് ഞാന്‍ കാണുന്നത്' വിനീത് പറയുന്നു.

നേരത്തെ കളിച്ച ക്ലബ്ലാണ്. അതുകൊണ്ട് ആ ക്ലബ്ബിനെതിരെ കളിക്കാന്‍ പറ്റില്ല എന്നൊന്നും പറയാനാകില്ല. ഒരു പ്രൊഫഷണല്‍ എന്ന രീതിയില്‍ എല്ലാ ക്ലബ്ബിനെതിരെയും കളിക്കേണ്ടി വരും. നാളെ ഞാന്‍ മറ്റൊരു ടീമിന്റെ ഭാഗമായാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരെയും കളിക്കേണ്ടി വരും. അത് സ്വാഭാവികമാണ്. വിനീത് കൂട്ടിച്ചേര്‍ത്തു.

അങ്ങോട്ട് നല്‍കുന്ന സ്‌നേഹവും ബഹുമാനവുമെല്ലാം തിരിച്ചുതരുന്ന ടീമാണ് ബെംഗളൂരു എഫ്.സി. വിജയിക്കാനുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. ഒരു മികച്ച മത്സരം തന്നെ കലൂരില്‍ പ്രതീക്ഷിക്കാമെന്നും വിനീത് പറയുന്നു.