കൊച്ചി: പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരിച്ചടി. ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന മലയാളി താരം സി.കെ വിനീത് പുണെ സിറ്റിക്കെതിരായ മത്സരത്തിലും കളത്തിലിറങ്ങില്ല. പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്നാണ് വിനീതിന്റെ പിന്മാറ്റം. ബെംഗളൂരു എഫ്‌സിക്കെതിരായ മല്‍സരത്തിന് മുന്‍പ് പരിശീലനത്തിനിടെയാണ് വിനീതിന് പരിക്കേറ്റത്. 

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബെംഗളൂരു എഫ്.സി വിനീതിന്റെ മുന്‍ ക്ലബ്ബായതിനാലാണ് കളിക്കാതിരുന്നത് ആരാധകര്‍ ചിലര്‍ ആരോപിച്ചിരുന്നു. അതിനുള്ള വിശദീകരണം കൂടി വിനീത് ട്വീറ്റിലൂടെ നല്‍കി. 

'കളിക്ക് മുമ്പേയുള്ള പരിശീലനത്തിനിടയില്‍ പരിക്കേല്‍ക്കുകയായിരുന്നു. പ്രസ് മീറ്റ് നേരത്തെ കഴിഞ്ഞതിനാലാണ് പരിക്കിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ കഴിയാതിരുന്നത്. ഞാനൊരു പ്രൊഫഷണല്‍ താരമാണ്. എതിരാളികള്‍ ആരെന്ന് നോക്കി ഉത്തരവാദിത്തത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവനല്ല. വിനീത് ട്വീറ്റില്‍ പറയുന്നു.

എതിരാളി ബെംഗംളൂരു ആയതുകൊണ്ടല്ലേ കളിയില്‍ നിന്ന് മാറിയതെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. അവരൂടെ ഈ തെറ്റിദ്ധാരണ തിരുത്താന്‍ കൂടിയാണ് ഇങ്ങിനെയൊരു വിശദീകരണം നല്‍കുന്നതെന്നും വിനീത് വ്യക്തമാക്കി. 

രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടമാര്‍ വിനീതിന് നിര്‍ദേശിച്ചിരിക്കുന്നത്. അുടത്തയാഴ്ച ഡല്‍ഹി ഡൈനമോസിനെതിരെയും മുംബൈ സിറ്റിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സസരങ്ങള്‍. ഇതുവരെ രണ്ടു ഗോളുകള്‍ നേടിയ സി.കെ വിനീതിലാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. 

മുന്‍ പരിശീലകനും ഗോള്‍കീപ്പറുമായിരുന്ന ഡേവിഡ് ജെയിംസുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പുണെ സിറ്റിക്കെതിരായ മല്‍സരത്തില്‍ സഹപരിശീലകന്‍ താങ്‌ബൊയ് സിങ്‌തോ ആയിരിക്കും ടീമിനെ പരിശീലിപ്പിക്കുക. 

Content Highlights: CK Vineeth Injured Kerala Blasters ISL 2017