കൊച്ചി: മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ വിവാദ പരാമര്‍ശത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമായിരുന്നു എഫ്.സി ഗോവക്കെതിരെ കൊച്ചിയില്‍ നടന്നത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റെങ്കിലും വിനീതിന്റെ ഗോളാഘോഷം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 

ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ പ്രൊഫഷണല്‍ താരമല്ലെന്നും ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ജിംഗാനെ മദ്യം മണക്കുന്നുണ്ടായിരുന്നുവെന്നുമായിരുന്നു റെനെയുടെ വിവാദ പരാമര്‍ശങ്ങള്‍. ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുന്നതിന് പ്രധാന ഉത്തരവാദി ജിംഗാനാണെന്നും റെനെ ഫുട്‌ബോള്‍ വെബ്‌സൈറ്റ് ഗോളിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.

ഇതിനുള്ള മറുപടിയായിരുന്നു ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍ വിനീതിന്റെ ഗോളാഘോഷത്തില്‍ കണ്ടത്. റെനെയുടെ വാദങ്ങളെ പരിഹസിക്കുന്ന തരത്തിലായിരുന്നു റിനോ ആന്റോയുമൊത്തുള്ള ആ ആഘോഷം. 

ഗോള്‍ നേടിയ ശേഷം വലതുഭാഗത്തെ കോര്‍ണര്‍ ഫ്‌ളാഗിന് അടുത്തേക്ക് ഓടിയ വിനീത് കുഴയുന്ന രീതിയില്‍ അല്‍പ്പം നടന്നു. ഓടിയെത്തിയ റിനോയും വിനീതും പിന്നീട് കുടിക്കുന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും ചെയ്തു. ജിംഗാനൊപ്പമാണെന്ന സന്ദേശം ഒളിപ്പിച്ചുവെക്കുന്നതാണ് ആ ആഹ്ലാദ പ്രകടനമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ഗോവയുടെ തട്ടകത്തില്‍ ഗോവക്കെതിരെ നടന്ന മത്സരത്തില്‍ പുലര്‍ച്ചെ നാലു മണിവരെ ജിംഗാന്‍ പാര്‍ട്ടിയും മദ്യപാനവുമായി കഴിയുകയായിരുന്നുവെന്നും റെനെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ജിംഗാന്റെ പിഴവില്‍ നിന്ന് പെനാല്‍റ്റി വന്നത് മന:പൂര്‍വ്വമായിരുന്നുവെന്നും റെനെ ആഞ്ഞടിച്ചിരുന്നു.

Content highlights: CK Vineeth Goal Celebration For Kerala Blasters Manjappada ISL 2017