ള്‍ഡ് ട്രാഫഡിലെ ആര്‍ത്തിരമ്പുന്ന ആയിരകണക്കിന് ചെങ്കുപ്പായക്കാര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം പതിനാറ് വര്‍ഷം ഏറ്റുവാങ്ങിയവനായിരുന്നു റെനെ മ്യൂലന്‍സ്റ്റീന്‍. എന്നാല്‍ കേവലം ഏഴ് കളികളില്‍ മഞ്ഞകുപ്പായക്കാര്‍ സൃഷ്ടിച്ച ആരാധനയുടെ അതിസമ്മര്‍ദം താങ്ങാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകപട്ടം ഡച്ച് പരിശീലകന് കൈമോശം വന്നു പോകുന്നു. അന്ന് ഓള്‍ഡ് ട്രാഫഡില്‍ അലക്‌സ് ഫെര്‍ഗുസനെന്ന പരിശീലകരുടെ ഇതിഹാസത്തിന് പിന്നിലെ സുരക്ഷിത താവളത്തിലിരുന്നാണ് റെനെ ഫസ്റ്റ് ടീം കോച്ചെന്ന നിലയില്‍ ടീമിനെ ഒരുക്കിയത്. 

സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഫെര്‍ഗിയെന്ന ഉറപ്പുള്ള മതില്‍ മുന്നിലുണ്ടായിരുന്നു. കൊച്ചിയില്‍ അത്തരമൊന്നില്ലായിരുന്നു. സൂപ്പര്‍ ലീഗിലെ ഏഴ് കളികളില്‍ നിന്ന് തന്നെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് റെനെയും വേറെ വഴിയില്ലെന്ന് ബ്ലാസ്‌റ്റേഴസ് മാനേജ്‌മെന്റും മനസിലാക്കിയതോടെ വേര്‍പിരിയല്‍ അനിവാര്യമായി.

ചരിത്രം പലരൂപത്തിലും ആവര്‍ത്തിക്കും. ആദ്യ സീസണില്‍ റണ്ണറപ്പായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. രണ്ടാം സീസണില്‍ സ്വാഭാവികമായും മോഹം കിരീടത്തിനായിരുന്നു. പരിശീലകനായി വന്ന ഇംഗ്ലീഷുകാരന്‍ പീറ്റര്‍ ടൈയ്‌ലറിന് നാല്  കളികൊണ്ട് തന്നെ കാര്യം പിടികിട്ടി. മാനേജ്‌മെന്റുമായി ധാരണയുണ്ടാക്കി ടെയ്‌ലര്‍ കളമൊഴിഞ്ഞു.മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും റണ്ണറപ്പ്. ഇതോടെ നാലാം സീസണില്‍ കപ്പടിക്കണെന്ന് വരെ തീ സോങുണ്ടാക്കി ടീം കളത്തിലെത്തി. ഇത്തവണ റെനെ മ്യൂലെന്‍സ്റ്റീനായിരുന്നു  ഹതഭാഗ്യന്‍.

ടെയ്‌ലര്‍ക്ക്‌ ആറു കളിയാണ് കിട്ടിയതെങ്കില്‍ റെനെക്ക് ഏഴ് കളികള്‍ കിട്ടിയെന്ന് മാത്രം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പരിശീലകരുടെ ഹോട്ട് സീറ്റാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. ലീഗിലെ തന്നെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള ആരാധകരുടെ ടീം. എല്ലാ കളിക്കും തിങ്ങിനിറഞെത്തുന്ന ഗാലറി. ആരാധകര്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിയുവിധം വളര്‍ന്നതിന് മൂന്നാം സീസണില്‍ സാക്ഷിയായെങ്കില്‍ നാലാം സീസണില്‍ ആരാധക സമ്മര്‍ദ്ദത്തിന് ടീം അടിമപ്പെടുന്നതാണ് കണ്ടത്. ആരാധകരുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് ടീമിനെ മോചിപ്പിച്ച് കളിക്കാന്‍ കഴിയുന്ന ടീമാക്കി മറ്റാനുള്ള മരുന്നില്ലാതെ പോയതാണ് മ്യൂലെന്‍സ്റ്റീന്റെ വീഴ്ച്ച. 

ഫുട്‌ബോളില്‍ രണ്ട് തരം പരിശീലകരുണ്ട്. ഗാലറിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദത്തെ ആസ്വദിക്കുന്നവരും അതില്‍ വീണുപോകുന്നവരും. ആസ്വദിക്കുന്നവരില്‍ തന്നെ പലവിഭാഗങ്ങളുണ്ട്. ഗാലറിയില്‍ നിന്ന വരുന്ന സമ്മര്‍ദ്ദം കളിക്കാരിലേക്കെത്താതെ തന്നിലേക്ക് മാത്രം ടീമിന്റെ ശ്രദ്ധ ക്ഷണിച്ചു നിര്‍ത്തുന്നവര്‍. അതിന് ടച്ച് ലൈനില്‍ അവര്‍ പല അഭ്യാസങ്ങളും കാണിക്കും. എതിര്‍ പരിശീലകനെ തെറി പറയും, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ആധുനിക ഫുട്‌ബോളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഹോസെ മൗറീന്യോ ഈ വിഭാഗത്തിന്റെ പ്രതിനിധിയാണ്.

Rene Meulensteen
Photo: ISL Media

തൂണും ചാരി നില്‍ക്കുന്ന സ്റ്റീവ് കോപ്പലാണ്‌ മറ്റൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ആകാശം ഇടിഞ്ഞു വീണാലും ഒന്നും സംഭവിക്കുന്നില്ലെന്ന തരത്തില്‍ നിന്നുകളയും. ആരാധകര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍ കളിക്കാര്‍ കാണുന്നത് യാതൊരു ഭാവവ്യത്യാസവുമില്ലാത്ത പരിശീലകനെയാകും. മാനസികമായി വലിയ പിന്തുണയാണ് ഇത്തരം പരിശീലകര്‍ കളിക്കാര്‍ക്ക് നല്‍കുന്നത്. ഒരര്‍ഥത്തില്‍ മൗറീന്യോയും കോപ്പലും ജനക്കൂട്ടത്തെ ആസ്വദിക്കുന്നവരാണ്. ടീമിന് ഗുണകരമായ രീതിയില്‍ അതിനെ മാറ്റിയെടുത്തുന്നവരാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പന്ത്രണ്ടാമനെന്ന് വിശേഷിപ്പിക്കപ്പെട്ടവരാണ് കാണികള്‍.പക്ഷേ ഇത്തവണ കളി മാറി. 

മ്യൂലെന്‍സ്റ്റീന്‍ ഗാലറിയുടെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയുന്നവനെല്ലെന്ന് നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ തെളിയിച്ചു. ഒരു ഗോള്‍ നേടിയ ശേഷം  ജയമെന്ന മോഹത്തില്‍ മാനസിക ക്ഷമത നഷ്ടപ്പെട്ട് കളത്തില്‍ ഉഴറിയ കളിക്കാരെ തിരികെ കൊണ്ടുവരാന്‍ കഴിയാതെ ഡഗ്ഔട്ടില്‍ അഭയം നേടിയ മ്യൂലെന്‍സ്റ്റീന്‍ പരാജയപ്പെട്ട കാഴ്ച്ചയായിരുന്നു.സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയതെ പോകുന്ന ഗണത്തിലാണെന്ന് റെനെ വീണ്ടും തെളിയിച്ചു.

പ്ലാന്‍ ബിയുടെ അഭാവം

മാനേജ്‌മെന്റ് മാറി, ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമൊഴുക്കി വലിയ കളിക്കാരെ കൊണ്ടുവന്നു. മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ സമീപനം. എന്നാല്‍ കളിക്കാരുടെ തെരഞ്ഞെടുപ്പില്‍  തന്ത്രപരമായ പാളിച്ചകള്‍ സംഭവിച്ചു. മറ്റ് ടീമുകള്‍ കളിക്കാരുടെ പ്രായത്തിലും പരിചയസമ്പത്തിലും സന്തുലിതാവസ്ഥ കൊണ്ടുവന്നപ്പോള്‍ കേരള ടീമിന്റേത്  പ്രായമേറിയ വിദേശതാരങ്ങളുടെ തെരഞ്ഞെടുപ്പായി. ഏഴ് താരങ്ങളില്‍ രണ്ട് പേര്‍ മാത്രമായി യുവതാരങ്ങള്‍-കറേജ് പെക്കൂസനും, മാര്‍ക് സിഫ്‌നിയോസും. ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, റെബ്ച്ചുക്ക, പെസിച്ച് എന്നിവര്‍ മികച്ച താരങ്ങളാണെങ്കിലും വിരമിക്കലിന്റെ അടുത്തുള്ളവരാണ്. ലീഗില്‍ വിദേശകളിക്കാരുടെ എണ്ണം എട്ടായി കുറച്ച അവസരത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് ടീം മുതിര്‍ന്നത്. ഫലമോ ശാരീരികക്ഷമത നഷ്ടപ്പെട്ട് ആവശ്യത്തിന് വിദേശതാരങ്ങളില്ലാതെ ടീമിന്റെ ഗെയി പ്ലാന്‍ ഇല്ലാതായി. ടീമിന്റെ മോശം പ്രകടനത്തിന് ഇതും കാരണമായി.

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നേരത്തെ പരിശീലകനെ തിരുമാനിച്ചിരുന്നു. അതികൊണ്ട് തന്നെ കളിക്കാരുടെ തെരഞ്ഞെടുക്കുന്നതില്‍ പരിശീലകന് കാര്യമായ റോളുണ്ടായി. വിദേശ കളിക്കാരുടെ കാര്യത്തില്‍ പാളിയതുപോലെ ഇന്ത്യന്‍ കളിക്കാരുടെ കളിക്കാരുടെ കാര്യത്തിലും അബദ്ധങ്ങള്‍ സംഭവിച്ചു. മികച്ച ആദ്യഇലവന്‍ ഇന്ത്യന്‍ കളിക്കാര്‍ ടീമിനുണ്ട്.എന്നാല്‍ പകരക്കാരുടെ നിര ദുര്‍ബലമായി. വിനീത്, റിനോ ആന്റോ, ജാക്കിചന്ദ് സിങ്, സന്ദേശ് ജിംഗാന്‍, തുടങ്ങിയവര്‍ക്ക് മികച്ച പകരക്കാര്‍ ടീമിലില്ല.

ഗെയിംപ്ലാന്‍ മനസില്‍ കണ്ടല്ല റെനെ കളിക്കാരെ എടുത്തതെന്ന്  വ്യക്തം. ടീമില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്ല, മികച്ച ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരില്ല. പ്ലേമേക്കറില്ല. കഴിഞ്ഞ സീസണില്‍ സ്റ്റീവ് കോപ്പല്‍  ടീമിനെ മുന്നോട്ടുകൊണ്ടുപോയത് രണ്ട് മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരും (ജിംഗാന്‍, ഹെങ്ബര്‍ട്ട്) രണ്ട് ഡിഫന്‍സീവ് (മെഹ്താബ്, അസ്രാക്) എന്നിവരുടേയും പിന്തുണയിലായിരുന്നു.

Sandesh Jhingan
Photo:Mathrubhumi

ഇത്തവണ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരും പ്ലേമേക്കറുമില്ലാത്തതിനാല്‍ പ്രതിരോധത്തിന് സമ്മര്‍ദ്ദം കൂടുതലായിരുന്നു. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന ഗോവ, ബെംഗളൂരു ടീമിനെതിരെ ടീമിന്റെ പ്രതിരോധം പൊളിഞ്ഞു പോയി.ബെര്‍ബറ്റോവിനെ പോലൊരു ക്ലിനിക്കല്‍ സ്‌ട്രൈക്കറെ ടീമിലെടുക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍ റെനെയും മാനേജ്‌മെന്റും മറന്നുപോയി. ബെര്‍ബയിലേക്ക് പന്ത് ഫീഡ് ചെയ്യാന്‍ കഴിയുന്ന മധ്യനിരക്കാരനോ, മധ്യനിര സംഘമോ ടീമിന് വേണമായിരുന്നു. അത്തരമൊരു കളിക്കാരനില്ലാത്തതാണ് ആദ്യ കളിക്ക് ശേഷം ബള്‍ഗേറിയന്‍ താരത്തെ മധ്യനിരയിലേക്ക് ഇറക്കി കളിപ്പിക്കാന്‍ കാരണം.

ബെര്‍ബ, വെസ് ബ്രൗണ്‍ താരങ്ങള്‍ വണ്‍ ടച്ച്  ഗെയിം കളിക്കുന്നവരാണ്. കറേജ് പെക്കൂസന്‍, വിനീത്, ജാക്കിചന്ദ് എന്നിവര്‍ പന്ത് ഹോള്‍ഡ് ചെയ്ത് കളിക്കുന്നവരും.ഈ വൈരുദ്ധ്യങ്ങള്‍ ടീമിന്റെ കളിയില്‍ നിഴലിക്കുന്നുണ്ട്. ഇതിനെ ഒരുമിപ്പിക്കുന്ന ഘടകം ഉണ്ടാക്കിയെടുക്കാന്‍ പരിശീലകന് ആയില്ല. 4-2-3-1, അല്ലെങ്കില്‍ 4-1-4-1 ശൈലിയിലാണ് ടീം കളിച്ചത്. പന്ത് നന്നായി അറ്റാക്കിങ് തേര്‍ഡിലേക്ക് വന്നാല്‍ മാത്രമെ ഏക സ്‌ട്രൈക്കര്‍ രീതി വിജയിക്കുകയുളളു. 

പാസ്സിങ് ഗെയിം  കളിച്ച ബ്ലാസ്റ്റേഴ്‌സിന്റെ ഗെയിംപ്ലാനിനോട് ഇത് നീതിപുലര്‍ത്തുന്നതായിരുന്നില്ല. അല്ലെങ്കില്‍ പ്രതിരോധത്തിലൂന്നി ശക്തമായ പ്രത്യാക്രമണം നടത്തുന്ന ടീമിന്.ഇതു ബ്ലാസ്റ്റേഴ്‌സില്‍ കണ്ടിരുന്നുന്നില്ല.ഇതിനൊപ്പം പ്രമുഖതാരങ്ങള്‍ പരിക്കിന്റെ പിടിയിലായതും പരിശീലകന് തിരിച്ചടിയായി. ബെര്‍ബയെ മധ്യനിരയില്‍ കളിപ്പിക്കുന്നത് വിജയിക്കുമെന്ന ഘട്ടത്തിലാണ് പരിക്ക് പിടികൂടിയത്. പരിക്ക് മാറിയ വെസ് ബ്രൗണ്‍ പൂര്‍ണ്ണമായും ഫോമിലേക്ക് വന്നിട്ടില്ല. നന്നായി കളിച്ചു തുടങ്ങിയ വിനീതും റിനോ ആന്റോ കൂടി പരിക്കിന്റെ പിടിയിലായതോടെ തന്ത്രങ്ങളില്ലാത്ത ടീമായി ബ്ലാസ്‌റ്റേഴ്‌സ് മാറി.

മികച്ച കളിക്കാരെ വളര്‍ത്തിയെടുക്കുന്നതില്‍ അഗ്രഗണ്യനാണ് റെനെ. എന്നാല്‍ ടീമിനെ കളത്തിലിറക്കുമ്പോള്‍ വിജയചരിത്രം അധികമില്ല. ഖത്തര്‍ അണ്ടര്‍-18 ടീമിനെ ആറ് വര്‍ഷം പരിശീലിപ്പിച്ചതും യുണൈറ്റഡില്‍ 16 വര്‍ഷം നിലനിന്നതും ആദ്യം പറഞ്ഞതിന്റെ സ്ഥിരീകരണമാണ്. എന്നാല്‍ സ്വതന്ത്രചുമതലയുള്ള ക്ലബ്ബുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കാന്‍ ഡച്ച് പരിശീലകന് കഴിയാതെ പോയത് മത്സരസമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാതെ പോയത് കൊണ്ടാണ്.

മുന്നോട്ടുള്ള വഴികള്‍

കഴിഞ്ഞ സീസണില്‍ സ്റ്റീവ് കോപ്പല്‍ നടപ്പാക്കിയ രീതി മാനേജ്‌മെന്റിന് മുന്നിലുണ്ട്. പരിമിതമായ വിഭവങ്ങളെ മികച്ച രീതിയില്‍ കോര്‍ത്തിണക്കിയാണ് അദ്ദേഹം ടീമിനെ കളത്തിലിറക്കിയത്. പ്രതിരോധം ശക്തമാക്കി, അവസരം കിട്ടുമ്പോള്‍ ആക്രമിച്ച് ഗോള്‍ കണ്ടെത്ത് ടീമിനെ ഫൈനല്‍ വരെ കൊണ്ടുപോകാന്‍ മൃദുഭാഷിയും തന്ത്രശാലിയുമായ കോപ്പലിനായി.

Kerala Blasters
Photo: ISL Media

അധികം സങ്കീര്‍ണമായ ഫോര്‍മേഷനുകളിലേക്ക് പോകാതെ 4-4-2 ഫ്‌ളാറ്റായി കളിച്ച് (പ്രതിരോധാത്മകം) ഗോള്‍ വഴങ്ങാതെ, കിട്ടുന്ന അവസരം മുതലെടടുത്ത് മുന്നോട്ടുപോകാനാണ് ടീം ശ്രമിക്കേണ്ടത്. ഡേവിഡ് ജെയിംസാണ് പുതിയ പരിശീലകനായി വരുന്നതെങ്കില്‍ ഇതേ തന്ത്രമാകും പയറ്റുന്നത്. ആദ്യ സീസണില്‍ ജെയിംസിന്റെ കീഴില്‍ ടീം കൂടുതലും കളിച്ചത് 4-4-2 ശൈലിയിലായിരുന്നു.

ഇയാന്‍ ഹ്യൂം-ബെര്‍ബ/സിഫ്‌നിയോസ് സഖ്യത്തെ മുന്നേത്തിലും പെക്കൂസന്‍-വിനീത്, ജാക്കിചന്ദ്- അരാത്ത/മിലന്‍ എന്നിവരെ മധ്യനിരയിലും കളിപ്പിക്കാം. പെസിച്ച്, ജിംഗാന്‍, വെസ് ബ്രൗണ്‍, ലാല്‍റുത്താര എന്നിവരെ മധ്യനിരയിലും ഇറക്കാം. ഗോള്‍കീപ്പമായി സുഭാഷിഷ് റോയ് ചൗധരിയെ കളിപ്പിക്കാം. മുന്ന് മികച്ച പ്രതിരോധനിരക്കാരുടെ സാന്നിധ്യവും പെക്കൂസന്‍-അരാത്ത എന്നിവരുടെ സഹായവും കൂടിയാകുമ്പോള്‍ പ്രതിരോധം ശക്തമാകും. ഇതിനൊപ്പം ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍ പ്രതീക്ഷ കെടുത്താതെ മുന്നോട്ടുപോകാന്‍ ടീമിനാകും.

സുഭാശിഷ് റോയ് ചൗധരിയെ കളിപ്പിക്കാം. മുന്ന് മികച്ച പ്രതിരോധനിരക്കാരുടെ സാന്നിധ്യവും പെക്കൂസന്‍-അരാത്ത എന്നിവരുടെ സഹായവും കൂടിയാകുമ്പോള്‍ പ്രതിരോധം ശക്തമാകും. ഇതിനൊപ്പം ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍ പ്രതീക്ഷ കെടുത്താതെ മുന്നോട്ടുപോകാന്‍ ടീമിനാകും.

Content Highlights: Rene Meulensteen Resigns Kerala Blasters Coach ISL 2017 Football