ഗോള്‍ വഴങ്ങാതിരിക്കുക എന്ന 'ക്ലീന്‍ഷീറ്റ്' തന്ത്രം, ജയിക്കാന്‍ ഗോളടിച്ചേ തീരൂവെന്ന തിരിച്ചറിവ് - ഐ.എസ്.എല്‍. ഫുട്ബോള്‍ സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോളണ്ടുകാരനായ മുഖ്യകോച്ച് റെനെ മ്യൂലന്‍സ്റ്റീനിന് പറയാനുള്ളത് ഇതുരണ്ടുമാണ്. ക്ലീന്‍ഷീറ്റ് കൂടുംതോറും ജയിക്കാനുള്ള സാധ്യതയും കൂടും. ഇടപ്പള്ളിയിലെ ഹോട്ടല്‍ മാരിയറ്റില്‍വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലീന്‍ഷീറ്റാണ് പ്രധാനമെന്ന് ഗോള്‍ കീപ്പിങ് കോച്ച് ജിയോറ ആന്റ്മാനും പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകള്‍ എത്രത്തോളമാണ്?

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളാണെന്നത് ഇനി പ്രസക്തമല്ല. ഇതൊരു പുതിയ ടീമാണ്. പുതിയ ആളുകള്‍. പുതിയ രീതികള്‍. ഇനിയെന്ത് എന്നു മാത്രമേ ചോദ്യമുള്ളൂ. നല്ല ഒത്തിണക്കത്തോടെ മികച്ച ഫുട്ബോള്‍ കളിക്കുകയെന്നതു മാത്രമാണ് പ്രധാനം.

ടീമിന്റെ ഒരുക്കം?

പലരാജ്യത്തുനിന്നും ഇന്ത്യയില്‍ത്തന്നെ പല സംസ്ഥാനങ്ങളില്‍നിന്നും എത്തിയിട്ടുള്ളവരാണ് കളിക്കാര്‍. ഒരു കുടുംബം പോലെയാകുകയെന്നതാണ് ആദ്യം പ്രധാനം. ഭക്ഷണം കഴിക്കുമ്പോള്‍പ്പോലും ഒരേ ആളുകള്‍ എപ്പോഴും ഒരുമിച്ചിരിക്കാതെ മാറ്റിമാറ്റിയിരുത്തും. അവര്‍ ഒന്നിച്ചുള്ള എല്ലാ സമയത്തും ഈ രീതിയാണ് പ്രയോഗിക്കുന്നത്. സീസണ്‍ തുടങ്ങുന്നതിനുമുമ്പ് സ്പെയിനില്‍ പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളായിരുന്നു. ടീം ഉടമകളോട് അതില്‍ നന്ദിയുണ്ട്. കൂടുതല്‍ സംഭാവനകള്‍ നല്‍കണമെന്ന് എല്ലാ കളിക്കാര്‍ക്കും ആഗ്രഹമുണ്ട്. കഠിനാദ്ധ്വാനം ചെയ്യാന്‍ എല്ലാവരും തയ്യാര്‍. മികച്ച അന്തരീക്ഷമാണ് ടീമിലുള്ളത്.

പരിക്കുപോലെയുള്ള പ്രശ്നങ്ങളുണ്ടോ?

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന വെസ് ബ്രൗണിന് തുടയില്‍ ചെറിയ പരിക്കുണ്ട്. ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കിയെല്ലാവരും മികച്ച ഫിറ്റ്നസ് നേടിയിട്ടുണ്ട്. ഏറ്റവും മികച്ച അറ്റാക്കിങ് ടീമാവും ഇത്. 

എന്താണ് താങ്കളുടെ രീതി?

ടീമിന്റെ ചുമതലയേറ്റ ആദ്യ മൂന്നു ദിവസം കളിക്കാരെ കളിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. ഓരോരുത്തരുടെയും കളി വിലയിരുത്തി. പിന്നീടാണ് കോച്ചിങ് പാഠങ്ങള്‍ ആരംഭിച്ചത്. ഫുട്ബോള്‍ ആസ്വദിക്കാനാണ് ഞാന്‍ അവരോട് ആവശ്യപ്പെട്ടത്. മാച്ച് ഫിറ്റ്നസ്, സാങ്കേതികത്തികവ്, എല്ലാവരുമായി ഒത്തുപോകാനുള്ള കഴിവ് എന്നിവയെല്ലാം പ്രധാനമാണ്.

വളരെ അറിയപ്പെടുന്ന കളിക്കാരനാണ് ബെര്‍ബറ്റോവ്. അത്തരമൊരാള്‍ ടീമുമായി എങ്ങനെയാണ് ഇഴുകിച്ചേരുന്നത്?

അന്തര്‍മുഖനാണ് ബെര്‍ബറ്റോവ്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കാലത്തേ എനിക്കവനെ അറിയാം. അധികമാരോടും സംസാരിക്കുന്ന പ്രകൃതമല്ല. ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിനുമുമ്പ് വിശദമായി സംസാരിച്ചിരുന്നു. ടീമിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് അവന് നന്നായി അറിയാം.

ടീമിന് വലിയ ആരാധകവൃന്ദമുണ്ട്. ഇത് സമ്മര്‍ദമുണ്ടാക്കുമോ?

ഒട്ടുമില്ല. നന്നായി തുടങ്ങുക പ്രധാനമാണ്. ടീം എവിടെ നില്‍ക്കുന്നുവെന്ന് വിലയിരുത്താന്‍ ഇതു സഹായിക്കും. മുന്‍വര്‍ഷങ്ങളില്‍ മോശമായി തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജയിച്ചുതുടങ്ങാനാണ് ആഗ്രഹം. നാലോ അഞ്ചോ മത്സരങ്ങള്‍ കഴിഞ്ഞാലേ പൂര്‍ണവിലയിരുത്തലിനു സാധിക്കൂ.

കളിക്കാരെ തിരഞ്ഞെടുത്ത ഡ്രാഫ്റ്റ് സിസ്റ്റത്തെക്കുറിച്ച് എന്താണഭിപ്രായം?

അത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. എല്ലാവര്‍ക്കും തുല്യമായ അവസരം അതു നല്‍കുന്നു. എനിക്കു ലഭിച്ച ടീമില്‍ ഞാന്‍ സന്തുഷ്ടനാണ്.

താങ്കള്‍ കര്‍ക്കശക്കാരനായ കോച്ചാണോ?

(പൊട്ടിച്ചിരിച്ചുകൊണ്ട്) തീര്‍ച്ചയായും. അങ്ങനെ വേണ്ടേ.

(മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ അലക്സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റായിരുന്ന റെനെ ആരോടും എളുപ്പം ഇടപഴകുന്നയാളാണ്. ഏതു മറുപടിയിലും ഈ 53-കാരന്‍ ഒരു ചിരി ഒളിപ്പിക്കുന്നു. റെനെയുടെ മകന്‍ യോപ്പോയാണ് ടീമിന്റെ വിഡിയോ അനലിസ്റ്റ്. ഇത്ര അറ്റാക്കിങ് ടീമായിട്ടും കഴിഞ്ഞദിവസം കൊച്ചിയില്‍ ഗോകുലം എഫ്.സി.യുമായുള്ള പരിശീലനമത്സരത്തില്‍ ഒരു ഗോളും അടിച്ചില്ലല്ലോ എന്ന ചോദ്യത്തിന് കുസൃതിനിറഞ്ഞ മറുചോദ്യമായിരുന്നു മറുപടി. ''അവസാന പത്തുമിനിറ്റില്‍ ഞങ്ങള്‍ ഗോളടിക്കില്ലായിരുന്നുവെന്ന് താങ്കള്‍ക്കുറപ്പുണ്ടോ?'' -ഫ്‌ളഡ്‌ലൈറ്റ്‌ തകരാര്‍മൂലം 80 മിനിറ്റില്‍ കളി അവസാനിപ്പിച്ചിരുന്നു.)