കേരള ബ്ലാസ്റ്റേഴ്സിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതീക്ഷ ടി.പി. രഹ്നേഷെന്ന മലയാളിയുടെ വിശ്വസ്തമായ കരങ്ങളിലാണ്. നാലു സീസണുകളിലായി ടീമിന്റെ ഗോള്‍വലകാക്കാന്‍ കോഴിക്കോട്ടുകാരനുണ്ട്. രഹ്നേഷ് 'മാതൃഭൂമി'യുമായി പങ്കിട്ട വിശേഷങ്ങളിലൂടെ... 

ജിംഗാനും ഞാനും

സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിംഗാനും ഞാനും തമ്മില്‍ വലിയൊരു സാമ്യമുണ്ട്. ജിംഗാന്‍ നാലു സീസണിലും ബ്ലാസ്റ്റേഴ്സിനു മാത്രമാണ് കളിച്ചത്. ഞാന്‍ നാലു സീസണിലും നോര്‍ത്ത് ഈസ്റ്റിനു മാത്രവും. ഐ.എസ്.എല്ലില്‍ എല്ലാ സീസണിലും ഒരേ ക്ലബ്ബില്‍ കളിച്ച മറ്റു താരങ്ങളില്ല.

ഇനി കളി മാറും

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് കൊച്ചിയില്‍ അത്ര നല്ല റെക്കോഡല്ല ഉള്ളതെന്നറിയാം. എന്നാല്‍, അതെല്ലാം പഴങ്കഥയാണ്. ജയിക്കാനായിട്ടാണ് ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്. മികച്ച ടീമുകള്‍ക്കെതിരായ ജയങ്ങളോടെ മുന്നോട്ടുകയറാനാണ് ആഗ്രഹിക്കുന്നത്.

അന്ന് വിന്‍ഗാഡ ഇന്ന് ജാവോ

കഴിഞ്ഞതവണ നീലോ വിന്‍ഗാഡ എന്ന പോര്‍ച്ചുഗീസുകാരനായിരുന്നു ഞങ്ങളുടെ കോച്ച്. ഇത്തവണ പോര്‍ച്ചുഗീസുകാരനായ ജാവോ കാര്‍ലോസാണ്. പോര്‍ച്ചുഗീസുകാരായ കോച്ചുമാരുടെ കീഴില്‍ കുറേ കാര്യങ്ങള്‍ പഠിക്കാനായി. 

പിഴവുകള്‍ തിരുത്തണം

കഴിഞ്ഞ കളികളില്‍ ഞാന്‍ വലിയ തെറ്റുകള്‍ വരുത്തി. എന്റെ വലതുകാലിന് പരിക്കായതിനാല്‍ ഇടതുകാല്‍കൊണ്ട് കളിക്കാന്‍ ശ്രമിച്ചതാണ് വിനയായത്. പിറകോട്ട് കളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് കോച്ച് എന്നും ഉപദേശിച്ചിരുന്നു. എന്നിട്ടും ബെംഗളൂരുവിനെതിരേ പിഴവുകാട്ടി. കോച്ച് വഴക്കുപറഞ്ഞില്ലെങ്കിലും ഇനി ആവര്‍ത്തിക്കരുതെന്ന് ഞാന്‍ ഉറപ്പിച്ചിട്ടുണ്ട്.