മൂന്നു ഫൈനല്‍,രണ്ടു കിരീടം...നാലു വര്‍ഷം മാത്രം പ്രായമുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുഹമ്മദ് റാഫിയുടെ ലെവല്‍ ഒന്നു വേറെതന്നെയാണ്. ടീമേതായാലും ശരി ഐ.എസ്.എല്‍. ഫൈനലാണോ എങ്കില്‍ താന്‍ കളിച്ചിരിക്കും എന്നതാണ് റാഫിയുടെ ലൈന്‍. ഇത്തവണ ചെന്നൈയുടെ നീലക്കുപ്പായത്തില്‍ രണ്ടാം തവണ ഐ.എസ്.എല്‍. കിരീടത്തില്‍ മുത്തമിടുമ്പോഴും റാഫി പറയുന്നത് ഒന്നുമാത്രം...''ഫൈനല്‍ ഒരു ആവേശമാണ്, അത് ജയിക്കുന്നത് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവവുമാണ്...''

ഐ.എസ്.എല്ലിലെ ആദ്യസീസണില്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയുടെ നിരയിലുണ്ടായിരുന്ന റാഫി കഴിഞ്ഞതവണ ബ്ലാസ്റ്റേഴ്സിനായി ഫൈനല്‍ കളിച്ചിരുന്നു. ഇത്തവണ ചെന്നൈക്കായി എട്ടു മത്സരങ്ങളില്‍ ബൂട്ടുകെട്ടി രണ്ടു ഗോളുകളും നേടി.

ടീമിന്റെ ഒത്തൊരുമയുടെ ഫലമാണ് ഈ കിരീടനേട്ടമെന്നാണ് റാഫി പറയുന്നത്. ''ലീഗിലെ ഏറ്റവും മികച്ച രണ്ടു ടീമുകളാണ് ഫൈനലില്‍ കളിക്കാനിറങ്ങുന്നതെന്നും അതില്‍ വിജയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാനുമാണ് കോച്ച് പറഞ്ഞിരുന്നത്. ലീഗില്‍ ഈ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഒരോ ജയം പങ്കിട്ടവരായിരുന്നു ഞങ്ങള്‍. കളിക്കാരെല്ലാം അവരവരുടെ പൊസിഷനുകളില്‍ നൂറു ശതമാനം മികവ് പുറത്തെടുക്കാന്‍ കഴിയുമെന്നും വിശ്വസിച്ചതോടെ വല്ലാത്തൊരു ഊര്‍ജത്തിലാണ് ഞങ്ങള്‍ ഫൈനല്‍ കളിക്കാനിറങ്ങിയത്...'' -റാഫി പറഞ്ഞു. 

സഹോദരങ്ങളായ ഷാഫിയും റാസിയും, ദുബായിയില്‍നിന്ന് കളികാണാന്‍ മാത്രമായി പറന്നെത്തിയ കൂട്ടുകാരായ ഷഫീഖും ഹസീബും, എന്നും പിന്തുണയുമായി കൂടെയുള്ള ഷക്കീല്‍ അബ്ദുള്ളയും റമീസും അടക്കമുള്ള ഒരുപാടുപേര്‍ റാഫിയുടെ കളികാണാന്‍ ബെംഗളൂരുവിലെത്തിയിരുന്നു. ഇവരെക്കൂടാതെ പിന്തുണയുമായി അതിര്‍ത്തികടന്നെത്തിയ നൂറുകണക്കിന് മലയാളികളും കൂടിയായതോടെ ബെംഗളൂരുവിലെ ഫൈനല്‍ ജീവിതത്തിലെ അവിസ്മരണീയമായ ഒരനുഭവമായെന്ന് റാഫി.

Content Highlights: Mohammed Rafi ISL 2018 Chennaiyin FC