കൊച്ചി: മാര്‍ക് സിഫ്നിയോസ് എന്ന ഹോളണ്ടുകാരനുമായി സംസാരിക്കുമ്പോള്‍ സ്വപ്നങ്ങള്‍ അതിരുകളില്ലാതെ പുറത്തുവരും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ നാലാം പൂരത്തില്‍ ബ്ലാസ്റ്റേഴ്സ് ഇതുവരെ നേടിയ ഒരേയൊരു ഗോളിന്റെ ശില്പിയായ സിഫ്നിയോസ് ഒറ്റരാത്രികൊണ്ടാണ് മഞ്ഞപ്പടയുടെ ഹീറോയായിമാറിയത്. മത്സരത്തിനായി ഗോവയ്ക്കു തിരിക്കുന്നതിനുമുമ്പ് താരം മാതൃഭൂമിയുമായി പങ്കിട്ട വിശേഷങ്ങളിലൂടെ

? സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേട്ടത്തെ എങ്ങനെ വിലയിരുത്തുന്നു

* നേട്ടത്തേക്കാളുപരി ആരാധകര്‍ക്ക് നല്‍കിയ സമ്മാനമായിട്ടാണ് ഞാന്‍ ഈ ഗോളിനെ കരുതുന്നത്. അതിനുമുമ്പ് നടന്ന രണ്ടുമത്സരങ്ങളിലും ഗോളടിക്കാന്‍ കഴിയാത്തതില്‍ ടീം നിരാശയിലായിരുന്നു. ടീമിലെ ഓരോരുത്തര്‍ക്കും സന്തോഷവും ആശ്വാസവും പകരുന്ന ഗോളായതില്‍ അഭിമാനമുണ്ട്.

? ഹ്യൂമിനു പകരം ആദ്യ ഇലവനില്‍ ഇറങ്ങാന്‍ കഴിയുമെന്ന് കരുതിയിരുന്നോ

* കോച്ച് അത്തരത്തിലുള്ള ചില സൂചനകള്‍ തന്നിരുന്നതാണ്. ഏതു സമയത്തും ഇറങ്ങാന്‍ തയ്യാറായി നില്‍ക്കലാണ് ഒരു താരത്തിന്റെ കടമ. ഹ്യൂമിനു പകരം എന്നൊന്നും അപ്പോള്‍ ഞാന്‍ ചിന്തിച്ചിട്ടില്ല.

? ആദ്യ ഗോള്‍നേട്ടത്തെ വളരെ വൈകാരികമായിട്ടാണോ കാണുന്നത്

* ഞാന്‍ ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങുന്നത് എന്റെ മാതാപിതാക്കള്‍ കണ്ടിരിക്കുകയായിരുന്നു. അവര്‍ക്കുകൂടി സന്തോഷം പകരുന്നതായിരുന്നു ഗോള്‍.

?താങ്കളുടെ കുടുംബത്തെപ്പറ്റി

* എന്റെ പിതാവ് ഗ്രീക്കുകാരനാണ്. മാതാവ് ഹോളണ്ടുകാരിയും. ആംസ്റ്റര്‍ഡാമിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലത്ത് അഞ്ചു വയസ്സുവരെ ഗ്രീസിലാണ് താമസിച്ചത്. പിന്നെ ആംസ്റ്റര്‍ഡാമിലേക്കുപോയി. അവിടെ എനിക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്. 

? ഇഷ്ടപ്പെട്ട താരം

* ബ്രസീലിന്റെ റൊണാള്‍ഡോ. അദ്ദേഹത്തോടൊപ്പം കളിക്കണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്.

? ഇഷ്ടപ്പെട്ട ക്ലബ്ബ്

* കേരള ബ്ലാസ്റ്റേഴ്സ്... ഞാന്‍ കളിക്കുന്ന ക്ലബ്ബിനേക്കാള്‍ വലിയൊരു ഇഷ്ടം ഇപ്പോഴില്ല.

? കൊച്ചിയിലെ ഭക്ഷണം ഇഷ്ടപ്പെട്ടോ

* നിങ്ങളുടെ ഭക്ഷണം വളരെ എരിവുള്ളതാണ്. പക്ഷേ, ഞാന്‍ അതിഷ്ടപ്പെട്ടു തുടങ്ങുകയാണ്. കുരുമുളക് ചേര്‍ത്ത ഭക്ഷണം കഴിക്കാന്‍ ഇപ്പോള്‍ ഒരുപാടിഷ്ടമാണ്. 

? അവധിദിവസങ്ങള്‍ എങ്ങനെ ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്

* അവധി കിട്ടിയാല്‍ ഗ്രീസിലും ഹോളണ്ടിലും മാറിമാറി പോകാനാണ് എനിക്കിഷ്ടം. രണ്ടിടത്തും എനിക്ക് പ്രിയപ്പെട്ട ഒരുപാടുപേരുണ്ട്.

? ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം

* ഹോളണ്ടിന്റെ ഓറഞ്ചു കുപ്പായത്തില്‍ കളിക്കുക. ഹോളണ്ടിനായി ഒരു ലോകകപ്പ് കളിക്കാന്‍ കൂടി കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയൊരു നേട്ടം എന്റെ ജീവിതത്തിലുണ്ടാകാനില്ല.

Content Highlights: Mark Sifneos ISL 2017 Kerala Blasters Football Manjappada