ഫറി അറിഞ്ഞോ അറിയാതെയോ വരുത്തിയ പിഴവ്. ചെന്നൈയിന്‍ എഫ് സിക്കെതിരെ ആ പിഴവ് ഒരു പെനാല്‍റ്റി ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിലേക്ക് തുളച്ചുകയറിയത് 89 ാം മിനിറ്റിലായിരുന്നു. സമനില ഉറപ്പിച്ചൊരു കളി കൈവിട്ടുപോകുന്നത് നിര്‍നിമേഷനായി നോക്കിനില്‍ക്കുന്ന കോച്ച്. നിരാശരായി ബ്ലാസ്‌റ്റേഴ്‌സിന്റെ സൈഡ് ബഞ്ച്. റഫറി ചതിച്ചാശാനേ എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം മൂകമായി ശപിച്ചു.

മറുപടി കൊടുക്കാന്‍ ശേഷിച്ചിക്കുന്നത് ഇഞ്ചുറി ടൈമില്‍ അധികരിച്ച് കിട്ടിയ അഞ്ചേ അഞ്ച് മിനിറ്റ് മാത്രം ബാക്കി. തോല്‍ക്കാന്‍ ഒരുകാരണവുമില്ലാതിരുന്ന ഒരു കളി ഒരു റഫറി ഏകപക്ഷീയമായി തോല്‍പിക്കുന്നത് ഫുട്‌ബോള്‍ എന്ന കളിയുടെ സൗന്ദര്യം നഷ് ടപ്പെടുത്തുന്ന കാഴ്ച. പക്ഷേ കളിക്കളത്തില്‍ ബ്ലാസ്റ്റേഴ്‌സാണ്. ആര്‍പ്പുവിളിക്കുന്ന ആരാധകരുള്ളപ്പോള്‍ കണക്ക് തീര്‍ക്കാതിരിക്കുന്നതെങ്ങനെ.

yellow card

നെഞ്ചു കൊണ്ട് വീരോചിതമായി ചെറുത്ത പന്തിന് പെനാല്‍റ്റി എന്ന ക്രൂരമായ ശിക്ഷ ഇന്ത്യന്‍ നായകന്‍ സന്ദേഷ് ജിങ്കന് നേര്‍ക്ക് മഞ്ഞകാര്‍ഡ് കൊടുത്ത് റഫറി വിധിച്ചാല്‍ അത് കണ്ട് മടങ്ങാന്‍ വേറെ ആളെ നോക്കണം. കേരളത്തിന് പന്ത് പോലും നല്‍കാതെ ശേഷിക്കുന്ന സമയം നീട്ടിക്കൊണ്ടുപോകാന്‍ ചെന്നൈയിന്‍ താരങ്ങള്‍ നെഗറ്റീവ് ഫുട്‌ബോള്‍ കളിച്ച നിമിഷങ്ങള്‍. കളി 94 ാം മിനിറ്റിലേക്ക് കടക്കുന്നു. റാഞ്ചിയെടുത്ത പന്തുമായി  കേരള പ്രതിരോധനിര ചെന്നൈയിന്റെ ബോക്‌സിലേക്ക് നീങ്ങുന്നു. ഇഞ്ചുറി ടൈം അവസാനിക്കുന്നു. റഫറി വിസില്‍ ഊതാന്‍ ഒരുങ്ങുന്ന സമയം.

പെനാല്‍റ്റി ബോക്‌സിന് പുറത്ത് വലതുപാര്‍ശ്വത്തിലേക്ക് നീട്ടിനല്‍കിയ പന്തിനായി പാഞ്ഞടുത്ത ജിങ്കന്‍ ഡൈവ് ചെയ്ത് പന്ത് ബോകിസലേക്ക് നിലംപറ്റി മറിച്ചുനല്‍കുന്നു. സിഫിനിയോസും വിനീതും ബോക്‌സിലേക്ക് പാഞ്ഞുവരുന്നു. ബോക്‌സിലേക്ക് ഓടിയെത്തിയ വിനീതിന്റെ പൊസിഷന്‍ കിറുകൃത്യം. മാര്‍ക്ക് ചെയ്യാന്‍ ആളില്ലാതിരുന്ന വിനീതിന്റെ കാലിലേക്ക് ജിങ്കന്റെ ക്രോസ് വരുമ്പോള്‍ അതിനെ തലോടി പോസ്റ്റിലേക്ക് ചായിച്ചു വിടേണ്ട ദൗത്യം മാത്രമേ വിനീതിനുണ്ടായിരുന്നുള്ളൂ.

കേരളത്തിന്റെ സൂപ്പര്‍മച്ചാനായ വിനീത് ഒരുപിഴവുമില്ലാതെ അത് ഗോളാക്കി മാറ്റുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുന്നു. എന്താണ് സംഭവിച്ചതെന്ന് ചെന്നൈയിന്‍ താരങ്ങള്‍ ഓര്‍മ്മിച്ചെടുക്കും മുമ്പ് കളി അവസാനിച്ചിരുന്നു.

റഫറിയുടെ തെറ്റായ വിധി എന്ന നിര്‍ഭാഗ്യത്തിന് ഭാഗ്യത്തിന്റെ ആനുകൂല്യമില്ലാതെയാണ് കേരളം തിരിച്ചടി നല്‍കിയത്. ജിങ്കനെ അനവാശ്യമായി ശിക്ഷിച്ചതിന് ജിങ്കന് തന്നെ അളന്നുമുറിച്ചൊരു ക്രോസ് നല്‍കാന്‍ സൃഷ് ടിക്കപ്പെട്ട നിമിഷം. മലയാളത്തിന്റെ അഭിമാനമായ വിനീതിന്റെ ഗോള്‍. ക്രിക്കറ്റില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി കളി ജയിപ്പിക്കുന്നത് പോലൊരു ഇന്ദ്രജാലം. ആ ഗോള്‍ പിറക്കാതെ ആ കളി അവസാനിക്കാന്‍ പാടില്ലായിരുന്നു. അതാണ് കാവ്യനീതി. അതും ജിങ്കനിലൂടെ തന്നെ ആ ഗോളിന്റെ വഴിതുറക്കപ്പെടണമായിരുന്നു. അതും സംഭവിച്ചു.

jingan

വിനീത് ആ ഗോള്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ഓര്‍മ്മവരുന്നത് കഴിഞ്ഞ സീസണില്‍ ഇതേ ചെന്നൈയിനെ കൊച്ചിയില്‍ വിനീതിന്റെ തന്നെ ഇരട്ട ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തുവിട്ട കളിയായിരുന്നു. ആദ്യ പകുതിയില്‍ 1-0 ത്തിന് പിന്നില്‍ നിന്ന ശേഷം ദിദിയര്‍ കാദിയോയിലൂടെ 67 ാം മിനിറ്റില്‍ സമനില പിടിച്ച കേരളത്തിനായി അന്ന് വിനീത് 85, 89 മിനിറ്റുകളിലായി എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തതാണ് വിജയിപ്പിച്ചത്. 

ഗോള്‍രഹിതസമനിലയില്‍ അവസാനിക്കേണ്ട ഒരു മത്സരത്തെ ആഹ്ലാദത്തിന്റെയും ആശങ്കയുടേയും ആശ്വാസത്തിന്റെയും നിമിഷങ്ങളിലേക്ക് തള്ളിവിട്ടത് റഫറിയുടെ ആ അനാവശ്യവിധിയായിരുന്നു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഗോളുകള്‍ പിറക്കാതെ വഴിയില്ലല്ലോ. ഓരോ പോയിന്റുമായി ചെന്നൈയിനും കേരള ബ്ലാസ്‌റ്റേഴ്‌സും പിരിയുമ്പോള്‍ എക്കാലവും ഈ കളി ഓര്‍മ്മിക്കപ്പെടുക ആ അവസാന അഞ്ച് മിനിറ്റിലൂടെയായിരിക്കും. 

രണ്ടാം പകുതിയില്‍ ജാക്കിച്ചന്ദ് സിങ്ങിന് ലഭിച്ച സുവര്‍ണാവസരം പോസ്റ്റിന് മുകളിലൂടെ പറന്നുപോയ നിമിഷം. വിജയം ഉണ്ടാവില്ല എന്ന് തോന്നിച്ച ഘട്ടമായിരുന്നു അത്. ഇടത് വിങ്ങില്‍ അതിവേഗം കുതിച്ചെത്തിയ വിനീത് പെക്കൂസണ് മറിച്ചുനല്‍കുമ്പോള്‍ രണ്ട് ഡിഫന്റര്‍മാര്‍ മുന്നില്‍. എന്നാല്‍ പന്ത് പോസ്റ്റിന്റെ വലതുഭാഗത്തേക്ക് ഓടിയെത്തിയ ജാക്കിച്ചന്ദ് സിങ്ങിന് നല്‍കുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. പന്ത് നിയന്ത്രണത്തിലെടുത്ത് അത് ഗോളാക്കാനുള്ള സമയം കിട്ടിയിട്ടും അത് പോസ്റ്റിന് മുകളിലൂടെ പറന്നു പോയി. ഒപ്പം പറന്നുപോയത് കേരളത്തിന്റെ വിജയവും രണ്ട് പോയന്റുമായിരുന്നു