ന്യൂഡല്‍ഹി: മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തിയ ഹ്യൂംട്രികില്‍ ആശ്വാസം കണ്ടെത്തിയത് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയാണ്. ബ്ലാസ്റ്റേഴ്‌സ് മഞ്ഞ ജഴ്‌സി മാറ്റിയതുകൊണ്ടാണ് വിജയിച്ചതെന്നും ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഹ്യൂമില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് വട്ടപ്പൂജ്യമായിരിക്കുമെന്നും പരിഹസിക്കുന്നവരുണ്ട്. എങ്ങനെയായാലും തുടര്‍ച്ചയായ തോല്‍വികള്‍ക്കും സമനിലകള്‍ക്കും അവധി കൊടുത്ത് വിജയത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തി എന്നതാണ് ഏറ്റവും ആശ്വാസം പകരുന്നത്.

ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിത്തില്‍ കൊടുംതണുപ്പിനെയും വകവെയ്ക്കാതെ മഞ്ഞപ്പട കളി കാണെനെത്തിയത് ടീമിനോടുള്ള ഈ സ്‌നേഹം കൊണ്ടാണ്. അതിന് വിജയത്തിലൂടെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മറുപടിയും നല്‍കി. അതിലും മനോഹരമായത് മത്സരശേഷമുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയാഘോഷമായിരുന്നു. 

ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ ടീം ലോകത്തിന് സമ്മാനിച്ച വിക്കിങ് ക്ലാപ്പിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടൊപ്പം ടീം വിജയമാഘോഷിച്ചത്. ആരാധകരിരുന്ന ഗാലറിയുടെ അടുത്തേക്ക് ടീമിനെ നയിച്ചത് പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസാണ്. പിന്നീട് കണ്ടത് നയനമനോഹരമായ ദൃശ്യങ്ങളാണ്. ആ വീഡിയോ കാണാം.

Content Highlights: Kerala Blasters Celebrate Victory Against Delhi Dynamos ISL 2017