ട്വിസ്റ്റുകളിലാണ് ചില സിനിമകളുടെ സൗന്ദര്യം. ഇഞ്ചുറി ടൈമില്‍ പിറക്കുന്ന ഗോളുകളാണ് കാല്‍പ്പന്തുകളിയുടെ സൗന്ദര്യം പലപ്പോഴും അതിന്റെ ഉച്ചസ്ഥായിലേക്കെത്തിക്കുന്നത്. ചരിത്രത്തില്‍ നാം ഓര്‍മ്മിക്കുന്ന പല ഗോളുകളും ഒരുപക്ഷേ അങ്ങനെ ഇഞ്ചുറി ടൈമില്‍ പിറന്നവയാകാം. ഐ.എസ്.എല്‍ കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും ഇഞ്ചുറി ടൈം എന്നാല്‍ അത് നമ്മുടെ സി.കെ വിനീതിന്റെ സമയമാണ്. പ്രതീക്ഷയോടെ വിനീതിലേക്ക് കണ്ണയക്കുന്ന സമയം. ആ വിശ്വാസം വിനീത് എന്ന ഇഞ്ചുറി ടൈം ഹീറോ ഒന്നല്ല പലതവണ സ്‌കോര്‍ ചെയ്ത് ടീമിനെ രക്ഷിച്ച് ആരാധകരെ ആവേശത്തിന്റെ കൊടിമുടി കയറ്റി. പുണെ എഫ് സിക്കെതിരെയും വിനീതിന്റെ ആ ഇന്ദ്രജാലം വീണ്ടും കണ്ടു.

കേരളത്തിന്റെ സാമ്പത്തിക നില പോലെ ഈ സീസണില്‍ സെമിബര്‍ത്തിനായി നൂല്‍പ്പാലത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെയും പോക്ക്. കാത്തുകാത്ത് 58 ാം മിനിറ്റല്‍ ജാക്കി ചാന്ദിലൂടെ നേടിയ ഒറ്റഗോളിന് മൂന്നു പോയന്റ് ഉറപ്പാക്കിയ കേരളത്തെ ഈ സീസണില്‍ രണ്ടാം തവണയും റഫറി ചതിക്കുന്നതാണ് 78 ാം മിനിറ്റില്‍ കണ്ടത്. പെനാല്‍റ്റി ബോക്‌സിന്റെ ഇടത് മൂലയില്‍ പുറത്തേക്ക് പോകുകയായിരുന്നു പന്ത് പിടിക്കാന്‍ ഗോളി ദെബാശിശ് റോയ് ചൗധരി പറന്നുവീഴുന്നു. പന്തുമായി മുന്നേറിയ അല്‍ഫരോയെ വീഴ്ത്തി എന്ന് ആരോപിച്ച് റഫറി പെനാല്‍റ്റി വിധിച്ചു. 

ഗോളി പന്തിനെയാണ് തടുത്തതെന്ന് വ്യക്തമായിരുന്നു. കളിക്കളത്തില്‍ അപ്പീലില്ലല്ലോ. റഫറി ജഡ്ജിയല്ലേ. കിട്ടിയ അവസരം അല്‍ഫരോ മുതലാക്കി. കേരളം സമനില കുരുക്കിലേക്ക്. കേരളത്തിന്റെ സെമിപ്രതീക്ഷകളുടെ താളം പിഴച്ചനിമിഷം. ഒരു പോയന്റിലൊതുങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സിന് എങ്ങനെ കഴിയും പക്ഷേ ഗോള്‍ മാത്രം അകന്ന് നിന്നു. അതിനിടയില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹ്യൂമും പരിക്കേറ്റ് പുറത്തുപോയി.

കേരളം അപകടം മണത്തു. പ്രതീക്ഷകള്‍ നശിച്ച് കളി ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലേക്ക്. 93 ാം മിനിറ്റില്‍ മധ്യഭാഗത്ത് നിന്ന് ഉയര്‍ന്നു വന്ന പന്ത് ബോക്‌സിന് മുന്നില്‍ വച്ച് വിനീത് നെഞ്ചിലേറ്റ് വാങ്ങുമ്പോള്‍ രണ്ട് ഡിഫന്‍ഡര്‍മാര്‍ ഒപ്പം. പന്ത് നെഞ്ചില്‍ നിന്ന് ഇടുകാലിലേക്ക് സ്വീകരിച്ച് വലത്തേക്ക് തിരഞ്ഞ് അഭ്യാസിയെ പോലെ എണ്ണം പറഞ്ഞൊരു ഇടംകാലന്‍ ക്രോസ്. പന്ത് പോസ്റ്റിന്റെ ഇടതുമൂലയില്‍ കറങ്ങിയിറങ്ങുമ്പോള്‍ ആരാധര്‍ പൊട്ടിത്തെറിച്ചുകാണും. അത്രമാത്രം കൊതിച്ചിരുന്നു ആ ഗോള്‍. അത്ര വിലപ്പെട്ടത്തായിരുന്നു ആ വിജയം.

troll

പിന്നെ ശേഷിച്ചത് കിക്കെടുത്ത് വിസില്‍ മുഴങ്ങക്കാനുള്ള സമയം മാത്രം. പ്രതിഭാ സ്പര്‍ശത്തിന്റെ തിളക്കമുള്ള ഗോളായിരുന്നു അത്. മാഴ്‌സലീഞ്ഞോയ്ക്ക് മാത്രമല്ല ഞങ്ങളുടെ വിനീതിന്റെ ബൂട്ടിലും പിറക്കും ഈ മഴവില്‍ഗോളൊക്കെ എന്ന് ആരാധകര്‍ പുണെ ഫാന്‍സിനോട് പറഞ്ഞിട്ടുണ്ടാവും ഈ ഗോള്‍ കണ്ട്. കഴിഞ്ഞ സീസണില്‍ പകരക്കാരനായി കളത്തിലിറങ്ങിയ സുശാന്ത് മാത്യു മധ്യഭാഗത്ത് നിന്ന് തൊടുത്ത കിക്ക് പോസ്റ്റിന്റെ മൂലയില്‍ ലാന്‍ഡ് ചെയ്ത് അത്ഭം കൂറിയ നിമിഷവും ഓര്‍ത്തുപോകും. ഉത്തരവാദിത്വത്തിന്റെ ഭാരം ചുമക്കുന്ന വിനീത് പക്ഷേ സമ്മര്‍ദത്തില്‍ പെടുന്നില്ല എന്നിടത്താണ് വിനീത് വിനീത വിനീതാകുന്നത്. 

ബ്ലാസ്റ്റേഴ്‌സിനെതിരെ ഈ സീസണില്‍ റഫറി അറിഞ്ഞോ അറിയാതെയോ വരുത്തുന്ന ആദ്യ പിഴവല്ല ഇത്. ചെന്നൈയിന്‍ എഫ് സിക്കെതിരെ ഡിസംബര്‍ 22 ന് നടന്ന കളിയില്‍ റഫറിയുടെ പിഴവ് ഒരു പെനാല്‍റ്റി ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിലേക്ക് തുളച്ചുകയറിയത് 89 ാം മിനിറ്റിലായിരുന്നു. സമനില ഉറപ്പാക്കിയിടത്ത് നിന്ന് തോല്‍വി മുന്നില്‍കണ്ട നിമിഷങ്ങള്‍. റഫറി ചതിച്ചാശാനേ എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടം മൂകമായി ശപിച്ചു. തോല്‍ക്കാന്‍ ഒരുകാരണവുമില്ലാതിരുന്ന ഒരു കളി ഒരു റഫറി ഏകപക്ഷീയമായി തോല്‍പിക്കുന്നത് കണ്ട നിമിഷങ്ങള്‍.

നെഞ്ചു കൊണ്ട് വീരോചിതമായി ചെറുത്ത പന്തിന് പെനാല്‍റ്റി എന്ന ക്രൂരമായ ശിക്ഷ ഇന്ത്യന്‍ നായകന്‍ സന്ദേശ്‌ ജിങ്കന് നേര്‍ക്ക് മഞ്ഞകാര്‍ഡ് കൊടുത്ത റഫറിക്ക് മറുപടി അന്നും കൊടുത്തത് വിനീതായിരുന്നു. 94 ാം മിനിറ്റില്‍ റാഞ്ചിയെടുത്ത പന്തുമായി  കേരള പ്രതിരോധനിര ചെന്നൈയിന്റെ ബോക്സിലേക്ക് നീങ്ങുന്നു. 

പെനാല്‍റ്റി ബോക്സിന് പുറത്ത് വലതുപാര്‍ശ്വത്തിലേക്ക് നീട്ടിനല്‍കിയ പന്തിനായി പാഞ്ഞടുത്ത ജിങ്കന്‍ ഡൈവ് ചെയ്ത് പന്ത് ബോകിസലേക്ക് നിലംപറ്റി മറിച്ചുനല്‍കുന്നു. സിഫിനിയോസും വിനീതും ബോക്സിലേക്ക് പാഞ്ഞുവരുന്നു. ബോക്സിലേക്ക് ഓടിയെത്തിയ വിനീതിന്റെ പൊസിഷന്‍ കിറുകൃത്യം. മാര്‍ക്ക് ചെയ്യാന്‍ ആളില്ലാതിരുന്ന വിനീതിന്റെ കാലിലേക്ക് ജിങ്കന്റെ ക്രോസ് വരുമ്പോള്‍ അതിനെ തലോടി പോസ്റ്റിലേക്ക് ചായിച്ചു വിടേണ്ട ദൗത്യം മാത്രമേ വിനീതിനുണ്ടായിരുന്നുള്ളൂ.

troll

വിനീത് ഒരുപിഴവുമില്ലാതെ അത് ഗോളാക്കി മാറ്റുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുന്നു. എന്താണ് സംഭവിച്ചതെന്ന് ചെന്നൈയിന്‍ താരങ്ങള്‍ ഓര്‍മ്മിച്ചെടുക്കും മുമ്പ് കളി അവസാനിച്ചു. ജിങ്കനെ അനവാശ്യമായി ശിക്ഷിച്ചതിന് ജിങ്കന് തന്നെ അളന്നുമുറിച്ചൊരു ക്രോസ് നല്‍കാന്‍ സൃഷ് ടിക്കപ്പെട്ട നിമിഷം. അതാണ് കാവ്യനീതി. 

കഴിഞ്ഞ സീസണിലും എഫ് .സി ഗോവക്കെതിരെ വിനീത് ഇതുപോലെ ഇഞ്ചുറി ടൈം ഹീറോയായി മാറി. അന്ന് 99 ാം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോള്‍ വന്നത്.

കഴിഞ്ഞ സീസണില്‍ ചെന്നൈയിനെ കൊച്ചിയില്‍ വിനീതിന്റെ തന്നെ ഇരട്ട ഗോളില്‍ ബ്ലാസ്റ്റേഴ്സ് തകര്‍ത്തുവിട്ടു. ആദ്യ പകുതിയില്‍ 1-0 ത്തിന് പിന്നില്‍ നിന്ന ശേഷം ദിദിയര്‍ കാദിയോയിലൂടെ 67 ാം മിനിറ്റില്‍ സമനില പിടിച്ച കേരളത്തിനായി അന്ന് വിനീത് 85, 89 മിനിറ്റുകളിലായി എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തതാണ് വിജയിപ്പിച്ചത്.