ജോണ്‍ ചാള്‍സ് ഗ്രിഗറിയെന്ന ഇംഗ്ലീഷ് പരിശീലകന്റെ ഇന്ത്യയിലെ അരങ്ങേറ്റം തോല്‍വിയോടെയായിരുന്നു. സ്വന്തം തട്ടകത്തില്‍ എഫ്.സി. ഗോവയില്‍നിന്നേറ്റ തോല്‍വിയില്‍നിന്നുള്ള പാഠമാണ് ചെന്നൈയിന്‍ എഫ്.സി.യുടെ കിരീടജയത്തിന്റെ അടിത്തറ.

പരിശീലകരംഗത്ത് 27 വര്‍ഷത്തെ പരിചയസമ്പത്തുണ്ട് ഗ്രിഗറിക്ക്. പോട്സ്മത്ത്, ആസ്റ്റണ്‍ വില്ല, ഡെര്‍ബി കൗണ്ടി, ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്സ്, ക്രോവ്ലി ടൗണ്‍ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പാരമ്പര്യവും. എന്നാല്‍, ആദ്യ കളിയില്‍ത്തന്നെ അടിതെറ്റിയതോടെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തന്ത്രം പയറ്റണമെന്ന് ഗ്രിഗറി തിരിച്ചറിഞ്ഞു. സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സി.യുടെ മുന്നേറ്റത്തില്‍ കളിക്കാരുടെ മികവിനേക്കാളുപരി പരിശീലകന്റെ തന്ത്രങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.

ആദ്യകളിയില്‍ ഗോവയ്ക്കെതിരേ 4-4-1-1 ശൈലിയിലാണ് ടീം ഇറങ്ങിയത്. മൂന്ന് വിദേശ പ്രതിരോധനിരക്കാര്‍ക്കൊപ്പം റാഫേല്‍ അഗുസ്തോയും റെനെ മിഹെലിക്കും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിച്ച കോമ്പിനേഷന്‍. എന്നാല്‍, ഈ ഫോര്‍മേഷനും കളിക്കാരുടെ പൊസിഷനും തെറ്റായിരുന്നെന്ന് ആദ്യപകതിയില്‍ത്തന്നെ ഗ്രിഗറി മനസ്സിലാക്കി. രണ്ടാം പകുതിയില്‍ 3-4-3ലേക്ക് ഫോര്‍മേഷന്‍ മാറ്റി, രണ്ടു ഗോള്‍ തിരിച്ചടിച്ച് ടീം തിരിച്ചെത്തിയെങ്കിലും വൈകിയിരുന്നു. 3-2ന് ഗോവ ജയംനേടി.

നോര്‍ത്ത് ഈസ്റ്റിനെതിരേ രണ്ടാമത്തെ കളിയില്‍ ചെന്നൈയിന്റെ ശരിയായ ഫോര്‍മേഷന്‍ വന്നു. 4-2-3-1ലേക്ക് ടീം കളിമാറ്റി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ധന്‍പാല്‍ ഗണേഷും ബിക്രംജീത് സിങ്ങും വന്നു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലേക്ക് അഗുസ്തോ മാറി. വിങ്ങര്‍മാരായി ഗ്രിഗറി നെല്‍സനും ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസും. ഏക സ്ട്രൈക്കറായി ജെജെ ലാല്‍പെഖുലയും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഭൂരിഭാഗവും ചെന്നൈയിന്‍ കളിച്ചത് ഇതേ പൊസിഷനും താരങ്ങളേയും ഉപയോഗിച്ചായിരുന്നു.

ഫൈനലിലടക്കം ഓരോ കളിയേയും വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഗ്രിഗറി കണ്ടത്. സമനിലയ്ക്കുവേണ്ടി കളിച്ചപ്പോള്‍ ടീമിന്റെ ഘടനയിലും കളിരീതിയിലും മാറ്റംവന്നില്ല.

പ്രത്യാക്രമണമാണ് ടീമിന്റെ പ്രധാനതന്ത്രം. വിങ്ങുകളിലൂടെയും മധ്യഭാഗത്തുകൂടിയും ഒരുപോലെ ആക്രമണം വരും. ജെജെ ഗോളടിക്കുന്നതില്‍ മാന്ദ്യംവരുത്തിയിട്ടും സംഘടിതമായി ഗോളടിച്ച് ടീം മുന്നേറിയത് ടീമിന്റെ ഒത്തിണക്കത്തെ കാണിക്കുന്നു. ഒരു കുടുംബംപോലെയാണ് ടീമെന്ന് ഗ്രിഗറി പറയുന്നതില്‍ കാര്യമുണ്ട്. സീസണില്‍ ഏറ്റവും ഒത്തിണക്കം കാണിച്ച ടീമാണ് ചെന്നൈയിന്റേത്. തുടക്കംമുതല്‍ ഒരേ ഫോം. ചില കളികള്‍ നഷ്ടപ്പെട്ടെങ്കിലും ആദ്യംമുതല്‍തന്നെ ഫൈനല്‍ പ്രതീക്ഷ നല്‍കാന്‍ അവര്‍ക്കായി.

ജെജെ, അഗുസ്തോ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അറിയപ്പെടുന്ന താരങ്ങള്‍ അധികമൊന്നുമില്ല. എന്നാല്‍, വിദേശതാരങ്ങളായ നായകന്‍ ഹെന്റീക്കെ സെറാനോ, മെയ്ല്‍സന്‍ ആല്‍വ്സ്, ഗ്രിഗറി നെല്‍സന്‍, മിഹെലിക്ക്, ജെയ്മി ഗാവ്ലിന്‍, യുവതാരങ്ങളായ ജെര്‍മന്‍പ്രീത്, അനിരുദ്ധ ഥാപ്പ, ജെറി ലാല്‍റിന്‍സുല എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ജെജെ, മുഹമ്മദ് റാഫി, അഗുസ്തോ, ധന്‍പാല്‍ എന്നിവരും കൂടിയായപ്പോള്‍ ടീം അനിഷേധ്യശക്തിയായി.

Content Highlights: John Gregory Chennaiyin FC Coach ISL 2018