കൊച്ചി: മഞ്ഞക്കൂടാരത്തില്‍ നിന്ന് ഒഴിവാക്കിയ കറിവേപ്പിലകള്‍... കോപ്പലാശാനെയും ഒപ്പം കൂടിയ ശിഷ്യന്മാരായ ബെല്‍ഫോര്‍ട്ടിനെയും മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കളിയാക്കിയത് അങ്ങനെയായിരുന്നു. എന്നാല്‍, കൊച്ചിയുടെ കളിമുറ്റത്ത് വീണ്ടും പന്തുതട്ടാനെത്തിയപ്പോള്‍ ആ കറിവേപ്പിലകള്‍ കാണികള്‍ക്ക് മുന്നില്‍ രസമുള്ള വിഭവങ്ങളായി. 

കളിതുടങ്ങും മുമ്പേ കാണികളെ കൈയിലെടുത്തത് കോപ്പലാശാന്‍. കളിക്കാര്‍ വാം അപ്പിനായി ഇറങ്ങുന്നതിന് അഞ്ചു മിനിറ്റുമുമ്പേ മൈതാനത്തിറങ്ങിയ കോപ്പല്‍ മൈതാനം വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തു. സൈഡ്ലൈനില്‍ നില്‍ക്കുകയായിരുന്ന വിനീതിനെയും റിനോ ആന്റോയെയും സന്ദീപ് നന്ദിയെയും കെട്ടിപ്പുണര്‍ന്നാണ് കോപ്പല്‍ പഴയ ഗുരുവിന്റെ സ്നേഹം കാണിച്ചത്. സന്ദീപിന്റെ വയറില്‍ തട്ടി എന്തോ ഒരു തമാശയും പറഞ്ഞു. 

പഴയ തട്ടകത്തില്‍ മുടി നീട്ടി പുതിയ സ്റ്റൈലില്‍ ഇറങ്ങിയ ബെല്‍ഫോര്‍ട്ട് തന്റെ പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ കെട്ടിപ്പുണര്‍ന്ന് കുശലം ചോദിച്ചു. ബെല്‍ഫോര്‍ട്ടിനെ ആരാധകര്‍ നിറഞ്ഞ കൈയടികളോടെ സ്വീകരിച്ചു. മത്സരശേഷം ജംഷേദ്പുരിന്റെ ജേഴ്സി മാറ്റി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ് ബെല്‍ഫോര്‍ട്ട് മൈതാനം വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തത് വൈകാരിക കാഴ്ചയായി.

ആദ്യപകുതിയില്‍ 72 ബോള്‍ പൊസഷനും 335 പാസുകളും ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുണ്ടായിരുന്നിട്ടും അവര്‍ ഉതിര്‍ത്ത ഷോട്ടുകള്‍ മൂന്നില്‍ ഒതുങ്ങിയത് കോപ്പല്‍ ഒരുക്കിയ പ്രതിരോധരസത്തിന്റെ രുചിയിലായിരുന്നു. ബോക്സിനകത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് സ്പേസ് അനുവദിക്കാത്ത തന്ത്രമായിരുന്നു അത്.

ആശാന്‍ മിന്നിയ കളരിയില്‍ ശിഷ്യന്മാരായ ബെല്‍ഫോര്‍ട്ടും മെഹ്താബ് ഹുസൈനും മോശമാക്കിയില്ല. നോര്‍ത്ത് ഈസ്റ്റിനെതിരായ ആദ്യ കളിയില്‍ പുറത്തിരിക്കാന്‍ വിധിക്കപ്പെട്ട ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്റ്റേഴ്സിനെതിരേ ആദ്യ ഇലവനില്‍ ഇറക്കുമ്പോള്‍ കോപ്പലിന്റെ മനസില്‍ ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. 

വിങ്ങിലൂടെ മുന്നേറി ബെല്‍ഫോര്‍ട്ട് ഇടയ്ക്കിടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോള്‍ ഭംഗിയാക്കിയ മെഹ്താബ്, ബെര്‍ബറ്റോവ് എന്ന പവര്‍ഹൗസിന്റെ ഫ്യൂസ് ഊരുക എന്ന ജോലി വളരെ കൃത്യമായി നിര്‍വഹിച്ചു. ബെര്‍ബറ്റോവിനെ സ്വതന്ത്രനാക്കാതെ നിഴല്‍പോലെ പിന്തുടര്‍ന്ന മെഹ്താബ് ബ്ലാസ്റ്റേഴ്സിന് സൃഷ്ടിച്ച അലോസരം ഏറെ വലുതായിരുന്നു. ഒടുവില്‍ ബെര്‍ബറ്റോവിനെ തടഞ്ഞതിന് മഞ്ഞക്കാര്‍ഡും വാങ്ങിയാണ് മെഹ്താബ് തന്റെ ജോലി പൂര്‍ത്തിയാക്കിയത്.