ന്തുകിട്ടിയാല്‍ ഫൈനല്‍ തേഡില്‍ എത്രമാത്രം വിനാശകാരിയാണെന്ന് ഇയാന്‍ ഹ്യൂം അരക്കിട്ടുറപ്പിച്ച മത്സരം. കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് മത്സരത്തില്‍ വിജയികളെ തീരുമാനിച്ചത് കനേഡിയന്‍ സ്ട്രൈക്കറായ ഹ്യൂമിന്റെ മികവായിരുന്നു. മുന്‍കളികളില്‍നിന്ന് വ്യത്യസ്തമായി മുന്നേറ്റത്തില്‍ ഹ്യൂമിന് സ്വാതന്ത്ര്യം കിട്ടിയതാണ് ബ്ലാസ്റ്റേഴ്സ് ജയത്തില്‍ നിര്‍ണായകമായത്.

മുന്‍കളികളില്‍നിന്ന് വലിയ വ്യത്യാസമൊന്നും ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് സംഭവിച്ചിട്ടില്ല. എന്നാല്‍, ഹ്യൂമിന് സ്പേസുണ്ടാക്കി കളിക്കാനുള്ള തന്ത്രം ഡേവിഡ് ജെയിംസ് കൊണ്ടുവന്നു. ആദ്യസീസണില്‍ ഇതേ തന്ത്രമായിരുന്നു ജെയിംസിന്റേത്.

മൈതാനം അളന്നുള്ള കളിയാണ് ഹ്യൂമിന്റേത്. പറന്നുപോകുന്ന പന്തിനെപ്പോലും വെറുതെവിടാത്ത പ്രകൃതം. ഫൈനല്‍ തേഡിലേക്ക് പന്തെത്തിക്കുന്നതിലും പൊസിഷനിങ്ങിലും ടീം പുലര്‍ത്തുന്ന ദൗര്‍ബല്യങ്ങളെ പെട്ടെന്നു മറികടക്കാന്‍ ഹ്യൂമിനെ സര്‍വസ്വതന്ത്രനാക്കുകയെന്ന ചെപ്പടിവിദ്യയേ രണ്ടാം കളിക്ക് ടീമിനെയൊരുക്കുന്ന ജെയിംസിനു മുന്നിലുണ്ടായിരുന്നുള്ളൂ.

അത്യുത്സാഹിയായ ഹ്യൂമിന് പന്തുള്ളപ്പോളും ഇല്ലാത്തപ്പോളും എതിര്‍പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്ന് ആദ്യസീസണില്‍തന്നെ പരിശീലകന്‍ മനസ്സിലാക്കിയിട്ടുണ്ട്. റെനെ മ്യൂലെന്‍സ്റ്റീന്റെ കീഴില്‍ തളച്ചിടപ്പെട്ട ഹ്യൂം സ്വാതന്ത്ര്യത്തിന്റെ രാത്രി നന്നായി ആഘോഷിച്ചു. അത് വിജിയത്തിലേക്കുള്ള വഴിയായി.

ജയിച്ചെങ്കിലും ടീമില്‍ ഒരുപാട് പണികള്‍ ബാക്കിയുണ്ടെന്ന് പരിശീലകന് ബോധ്യപ്പെട്ടിട്ടുണ്ടാകാം. ബെര്‍ബറ്റോവിനെ സപ്പോര്‍ട്ടിങ് സ്ട്രൈക്കറുടെ റോളിലാക്കി. 4-4-2 ഫ്ലാറ്റ് രീതിയിലാണ് ടീം കളിച്ചത്.

ആകൃതി (ഷെയ്പ്) കാത്തുസൂക്ഷിച്ചുള്ള കളിയാണ് ടീമില്‍നിന്നുണ്ടായത്. ഗോള്‍ വഴങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍. വിങ് ബാക്കുകള്‍ കാര്യമായ ആക്രമണത്തിന് മുതിരാതിരുന്നതും കറേജ് പെക്കൂസനും കിസിറോണ്‍ കിസിത്തോയും മധ്യഭാഗത്ത് കളികേന്ദ്രീകരിച്ചതും ഇതിന്റെ ഭാഗമാണ്.

പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയില്‍ മധ്യഭാഗത്ത് എതിരാളികള്‍ക്ക് കളിക്കാന്‍ ആവശ്യത്തിലധികം സ്പേസ് നല്‍കുന്ന പതിവ് ബ്ലാസ്റ്റേഴ്സ് ആവര്‍ത്തിച്ചു. മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരുള്ള ടീമിനെതിരേ കളിക്കുമ്പോള്‍ ഇത് ദോഷംചെയ്യും.

വിനീത് തിരിച്ചെത്തുന്നതോടെ ഡേവിഡ് ജെയിംസിന് കൂടുതല്‍ അവസരങ്ങള്‍ ടീം തിരഞ്ഞെടുപ്പില്‍ ലഭിക്കും. 4-1-4-1 ശൈലിയിലേക്ക് ടീമിനെ മാറ്റാം. ഹ്യൂമിനെ ഏക സ്ട്രൈക്കറാക്കി.

വിനീത്-പെക്കൂസന്‍-കിസിത്തോ-ജാക്കിചന്ദ് സംഘത്തെ മധ്യനിരയില്‍ കളിപ്പിക്കാം. വെസ് ബ്രൗണിനെ മധ്യനിരയ്ക്കും പ്രതിരോധത്തിനുമിടയില്‍ കളിപ്പിച്ച് സന്ദേശ് ജിംഗാന്‍-പെസിച്ച്-റിനോ-ലാല്‍റുത്താര എന്നിവരെ പ്രതിരോധത്തിലിറക്കാം.

Content Highlights: Iain Hume Kerala Blasters Manjappada ISL 2017