''ഹോ! എന്തൊരു ചൂട്... മനുഷ്യന്‍ കരിഞ്ഞു പോകുമല്ലോ...'' മാരിയറ്റ് ഹോട്ടലിലെ ശീതീകരിച്ച ലോബിയില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ഗുജോണ്‍ ബാള്‍ഡ്വിന്‍സണിന്റെ ആദ്യ വാചകം അതായിരുന്നു. മഞ്ഞു പൂക്കുന്ന നാട്ടില്‍ നിന്നെത്തിയ ഗുജോണിനുമുന്നില്‍ കേരളത്തിലെ ചൂടന്‍ കാലാവസ്ഥ വില്ലനാകുന്നത് സ്വാഭാവികം. കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടാരത്തിലേക്ക് പുതുതായെത്തിയ ഐസ്‌ലന്‍ഡ് താരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു...

എന്തൊരു ചൂട്!

ബ്ലാസ്റ്റേഴ്സില്‍ കളിക്കാനെത്തിയപ്പോള്‍ ആദ്യ പ്രതിസന്ധി ഇവിടത്തെ ചൂടായിരുന്നു. നാട്ടില്‍ മൈനസ് എട്ടു ഡിഗ്രി സെല്‍ഷ്യസിലൊക്കെയാണ് ഞാന്‍ കളിച്ചിരുന്നത്. ഇവിടെ വന്നപ്പോള്‍ ശ്വാസമെടുക്കുന്നതിനുവരെ വലിയ ബുദ്ധിമുട്ടായി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പകരക്കാരനായി കളിക്കാനിറങ്ങുന്നതിനുമുമ്പ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. ഇവിടത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടല്‍ വലിയ പ്രയാസമായിരുന്നു.

വിനീത് മരണമാസാണ്

പുണെയ്ക്കെതിരായ മത്സരത്തില്‍ വിനീതിന്റെ ഗോള്‍ നിങ്ങള്‍ കണ്ടില്ലേ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗോളായിരുന്നു അത്. അത്തരം ഗോളുകള്‍ ഒരു ടീമിന് സമ്മാനിക്കുന്ന ഊര്‍ജം എത്ര വലുതാണെന്നറിയാമോ. വിനീതിനെപ്പോലുള്ള സീനിയര്‍ താരങ്ങളും ദീപേന്ദ്ര നേഗിയെപ്പോലുള്ള ജൂനിയര്‍ താരങ്ങളുമൊക്കെ ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ മുഖങ്ങളാണ്. അവരോടൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.

കുഞ്ഞുവാവയെ കാണണം

ബ്ലാസ്റ്റേഴ്സില്‍ കളിക്കാനെത്തിയപ്പോള്‍ ഉണ്ടായ വലിയൊരു നഷ്ടം കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണ്. എന്റെ ഇളയമകന്‍ പോള്‍ട്വിനിന് നാലു മാസം പ്രായമായിട്ടേയുള്ളൂ. അവനെ കാണാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. ഭാര്യ ഇന്‍ഗയും എട്ടുവയസ്സുകാരനായ മൂത്തമകന്‍ അലക്സാണ്ടറും നാലു വയസ്സുകാരിയായ മകള്‍ ക്ലാരയുമൊക്കെ വീട്ടില്‍ ഞാന്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ്. അവരെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.

മാഞ്ചെസ്റ്ററും റൊണാള്‍ഡോയും

ഇഷ്ടപ്പെട്ട ഫുട്ബോളര്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയാണ്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് ഇഷ്ടപ്പെട്ട ക്ലബ്ബ്. ഐസ്ലന്‍ഡ് കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ട ഫുട്ബോള്‍ ടീം ബ്രസീല്‍.

Content Highlights: Guojon Baldvinsson Kerala Blasters Player ISL Manjapapda