രാധകക്കൂട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ കേരള ബ്ലാസ്റ്റേഴ്സ് 'പോക്കിമോന്‍' ശൈലിയുള്ള താരത്തെ സമ്മാനിക്കുന്നു... പെക്കുമോന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കറേജ് പെക്കുസണ്‍. ഘാനയില്‍നിന്നുള്ള ഈ യുവതാരം മഞ്ഞക്കുപ്പായക്കാരുടെ ആക്രമണനിരയിലെ സജീവസാന്നിധ്യമാണ്. കറേജ് പെക്കുസണെ മലയാളികള്‍ക്ക് ധൈര്യശാലിയായ പെക്കുമോന്‍ എന്നു വിളിക്കാമല്ലോയെന്ന് ചോദിച്ചപ്പോള്‍ അര്‍ഥമറിഞ്ഞില്ലെങ്കിലും പെക്കുസണ്‍ ചിരിച്ചു. ഹ്യൂമേട്ടനും റെനിച്ചായനും സ്നേഹപൂര്‍വം വസിക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകഹൃദയങ്ങളില്‍ കൂടുകൂട്ടിയ പുതിയ താരമാണ് പെക്കുമോന്‍. 

ഐ.എസ്.എല്‍. നാലാം അധ്യാത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ നിര്‍ണായക ശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പെക്കുസണ്‍ തന്റെ ഫുട്ബോള്‍ ജീവിതത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ 'മാതൃഭൂമി'യോടു സംസാരിക്കുന്നു. 

? ഐ.എസ്.എല്ലിലേക്കുള്ള വരവ് എങ്ങനെയായിരുന്നു

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സ്ലൊവേനിയന്‍ ക്ലബ്ബ് എഫ്.സി. കൂപ്പറിന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സില്‍നിന്ന് ക്ഷണമെത്തുന്നത്. നല്ല ഓഫറാണെന്ന് തോന്നിയതിനാല്‍ ഇങ്ങോട്ടുപോന്നു

? പേരില്‍തന്നെ കറേജ് ഉണ്ടല്ലോ. താങ്കള്‍ ജീവിതത്തിലും ധൈര്യശാലിയായ ഒരാളാണോ

തീര്‍ച്ചയായും. ഞാന്‍ ജീവിതത്തെ ധൈര്യപൂര്‍വം നേരിടുന്ന ഒരാളാണ്. ധൈര്യമില്ലാതെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാനാകില്ല. അതറിഞ്ഞുതന്നെയാകണം എന്റെ മാതാപിതാക്കള്‍ എനിക്ക് ഇങ്ങനെയൊരു പേരിട്ടത്.

?കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചില്ലല്ലോ

ഒരൊറ്റമത്സരത്തിലെ പ്രകടനംകൊണ്ട് വലിയൊരു ലീഗില്‍ കളിക്കുന്ന ടീമിനെ അളക്കുന്നത് ശരിയല്ല. ആദ്യമത്സരത്തില്‍ ടീം സെറ്റാകാന്‍ അല്പസമയമെടുക്കുന്നത് സ്വാഭാവികമാണ്. ബ്ലാസ്റ്റേഴ്സിനായി മികച്ചത് നല്‍കാനാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്.

? ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍ തുടങ്ങിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ക്കൊപ്പം കളിക്കുന്ന അനുഭവത്തെപ്പറ്റി

അവരോടൊപ്പം ചേര്‍ന്ന് ടീമിന് പരമാവധി നല്‍കാനാണ് ആഗ്രഹിക്കുന്നത്. പാസിങ് ഗെയിമിന്റെ പ്രാധാന്യമാണ് അവരില്‍നിന്ന് പഠിക്കാവുന്ന പ്രധാന പാഠം. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് മഹത്തായ അനുഭവമാണ്. 

? ബ്ലാസ്റ്റേഴ്സിലെ ഇന്ത്യന്‍ താരങ്ങളെപ്പറ്റി എന്താണ് അഭിപ്രായം

മികച്ച ഒട്ടേറെ താരങ്ങള്‍ നിങ്ങള്‍ക്കുണ്ടല്ലോ. മധ്യനിരയില്‍ മിലന്‍ സിങ്ങിന്റെ പ്രകടനം അപാരമാണ്. ഡിഫന്‍സില്‍ ജിംഗാനും ലോകനിലവാരത്തിലുള്ള കളിയാണ് കാഴ്ചവയ്ക്കുന്നത്. 

? കേരളത്തെപ്പറ്റിയും ഞങ്ങളുടെ ഭക്ഷണത്തെപ്പറ്റിയും എന്താണ് പറയാനുള്ളത്

രണ്ടും വളരെ നല്ലതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ മട്ടണ്‍ ബിരിയാണിയാണ് എനിക്കേറെ ഇഷ്ടം. ഘാനയിലും എരിവുള്ള വിഭവങ്ങള്‍ ഏറെ കഴിക്കുന്നതിനാല്‍ മസാലചേര്‍ന്ന ബിരിയാണി എനിക്കേറെ ഇഷ്ടമായി.

? താങ്കളുടെ ഇഷ്ട ക്ലബ്ബും താരവും

റയല്‍ മഡ്രിഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ക്രിസ്റ്റ്യാനോയുടെ കളി കണ്ടിരിക്കുന്നതുതന്നെ രസമാണ്.

? ഘാന കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ട ദേശീയ ടീം

സ്പെയിന്‍... അവരുടെ ടിക്കി ടാക്ക ഫുട്ബോള്‍ മനോഹരമായൊരു കേളീശൈലിയാണ്.

? താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം

റയല്‍ മഡ്രിഡിനായി കളിക്കുക... അതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമായാല്‍ ഇരട്ടി സന്തോഷം.