പുണെ: 93-ാം മിനിറ്റില്‍ സി.കെ വിനീതിന്റെ ആ മാസ്മരിക ഗോള്‍ കളി കണ്ടവര്‍ക്ക് ആര്‍ക്കും മറക്കാനാകില്ല. സമനിലയെന്ന നിരാശയിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മുഖമൊളിപ്പിക്കുമ്പോഴായിരുന്നു ഭാഗ്യതാരമായി വിനീത് ഗ്രൗണ്ടിലുദിച്ചത്. 93-ാം മിനിറ്റില്‍ പുണെയുടെ ഗോളിയേയും നിഷ്പ്രഭനാക്കി ആ പന്ത് വല ചുംബിച്ചു. പിന്നാലെ റഫറി ഫൈനല്‍ വിസിലൂതി.

അവിടെയും അവസാനിച്ചില്ല ആ മത്സരത്തിലെ നാടകീയ രംഗങ്ങള്‍. വിജയത്തിന് പിന്നാലെ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ കെട്ടിപ്പിടിച്ച് വിനീത് കണ്ണീരൊഴുക്കുന്നതിനും കാണികള്‍ സാക്ഷിയായി. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആ കണ്ണീരിന് പിന്നിലുള്ള രഹസ്യം വ്യക്തമാക്കി വിനീത് വന്നു. തന്റെ ഗോള്‍ തനിക്ക് പ്രിയപ്പെട്ടൊരാള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നായിരുന്നു വിനീതിന്റെ പോസ്റ്റ്.

'കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഈ ലോകം വിട്ടുപോയ ഒരാള്‍ക്ക് വേണ്ടിയാണ് ഞാനിന്ന് ഓരോ നിമിഷവും ഗ്രൗണ്ടില്‍ ചിലവഴിച്ചത്. മൂത്തച്ചാ, നിങ്ങള്‍ അവിടെ സന്തോഷമായിരിക്കുന്നുവെന്ന് കരുതുന്നു. എന്റെ എല്ലാ സ്‌നേഹവും' വിനീത് ട്വിറ്ററില്‍ കുറിച്ചു.

 

Content Highlights: CK Vineeth Goal vs Pune City FC ISL 2017 Kerala Blasters Manjappada