കൊച്ചി: മഞ്ഞയെ സ്നേഹിച്ചവരുടെ ഹൃദയത്തിന്റെ വടക്കുകിഴക്കേ മൂലയിലേക്കാണ് വിനീത് തലകൊണ്ട് ആ പന്ത് ചെത്തിയിട്ടത്. പ്രിയപ്പെട്ട കൂട്ടുകാരന്‍ റിനോ ആന്റോ വലതുവിങ്ങിലൂടെ മുന്നേറി തളികയിലെന്നോണം ബോക്സിലേക്ക് നല്‍കിയ ക്രോസിന് ഉയര്‍ന്നുചാടി തലവെച്ചപ്പോള്‍ വിനീത് ആരാധകര്‍ക്ക് ആശ്വാസം പകരുകയായിരുന്നു. ഈ മത്സരംകൂടി കൈവിട്ടാല്‍ ആരാധകര്‍ അങ്ങേയറ്റം നിരാശരാകുമെന്ന സമ്മര്‍ദത്തില്‍ കളിച്ച ടീമിനുള്ള ഒന്നാന്തരം ഉത്തേജക മരുന്ന്.

വിനീതിന്റെ ഗോള്‍ പകര്‍ന്ന ഉണര്‍വിലാണ് ബ്ലാസ്റ്റേഴ്സ് പിന്നെ കളിച്ചത്. ഈ കളി കൈയില്‍കിട്ടിയെന്ന ഉറപ്പ് എല്ലാ താരങ്ങളുടെയും ശരീരഭാഷയില്‍ പ്രകടമായിരുന്നു. കളിയുടെ 39-ാം മിനിറ്റില്‍ സമാനമായ രീതിയില്‍ വിനീത് രണ്ടാം ഗോളും കണ്ടെത്തേണ്ടതായിരുന്നു. വലതുവിങ്ങിലൂടെ മുന്നേറി ഇക്കുറി ജാക്കിചന്ദ് സിങ്ങാണ് വിനീതിന് ആദ്യഗോളിന്റെ തനിയാവര്‍ത്തനമായ ക്രോസ് നല്‍കിയത്. പക്ഷേ, ഇക്കുറിയും പന്ത് കൃത്യമായി കണക്ട് ചെയ്തെങ്കിലും ഓട്ടത്തിനിടയില്‍ അല്‍പം മുന്നോട്ടാഞ്ഞതോടെ വിനീതിന് പന്ത് നിയന്ത്രിക്കാന്‍ കഴിയാതെ പോയി. പിന്നീടും മികച്ച അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് കിട്ടി.

ആദ്യ മത്സരങ്ങളില്‍ ഗോളടിക്കാന്‍ കഴിയാതെ സമ്മര്‍ദത്തിലായിരുന്ന വിനീത് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുകയായിരുന്നു. ''ആരാധകര്‍ കാത്തിരിക്കുക... ഞങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തില്ല. ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും...'' മത്സരത്തിന് മുമ്പ് വിനീത് പറഞ്ഞു. ആ വാക്ക് പാലിച്ചു, ഒന്നാന്തരം ഗോളിലൂടെ. 

കഴിഞ്ഞ സീസണില്‍ ആദ്യ മത്സരങ്ങളില്‍ വിജയങ്ങളില്ലാതെ പതറിനിന്ന ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ വിനീതിനെ വീണ്ടും കണ്ടുകിട്ടിയതുപോലെയാണ് ആരാധകര്‍ ഈ ഗോള്‍ ഏറ്റെടുത്തത്. ഒടുവില്‍ ആ ഒറ്റ ഗോളില്‍തന്നെ ബ്ലാസ്റ്റേഴ്സ് വടക്കുകിഴക്കന്‍ ടീമിനോട് രക്ഷപ്പെടുമ്പോള്‍ ആരാധകര്‍ പറയുന്നു... ''വിനീതേ, ഒരുപാട് നന്ദി... ആ ഗോള്‍ ഞങ്ങളുടെ ഹൃദയത്തിന്റെ വടക്കുകിഴക്കേ മൂലയിലാണ് വന്നുവീണിരിക്കുന്നത്.''