പുണെ: ഐ.എസ്.എല്ലില്‍ വീണ്ടുമൊരു മലയാളി ഗോള്‍. പുണെയുടെ യുവതാരവും മലപ്പുറം സ്വദേശിയുമായ ആഷിഖ് കുരുണിയനാണ് ഗോള്‍ നേടി മലയാളികള്‍ക്ക് പുതുവത്സര സമ്മാനമൊരുക്കിയത്.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ഗോളിയെ നിഷ്പ്രഭമാക്കിയായിരുന്നു ആഷിഖിന്റെ ഗോള്‍. ഇടതുവിങ്ങില്‍ നിന്ന് തുടങ്ങിയ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്തു വലയിലാക്കേണ്ട ചുമതലയേ ഇരുപത്തിരണ്ടുകാരന് ഉണ്ടായിരുന്നുള്ളു. 

ഈ സീസണില്‍ ഡ്രാഫ്റ്റിന് വിട്ടുകൊടുക്കാതെ പുണെ നിലിനര്‍ത്തിയ താരമാണ് ആഷിഖ്. ടീം തന്നിലര്‍പ്പിച്ച ആ വിശ്വാസം ആഷിഖ് ഐ.എസ്.എല്ലിലെ തന്റെ ആദ്യ ഗോളിലൂടെ കാത്തു. 

ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ ആഷിഖ് പുണെയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു.  മികച്ച പാസ്സിങ്ങും പന്തിന് മുകളിലുള്ള നിയന്ത്രണവുമാണ് ആഷിഖിന്റെ പ്ലസ് പോയിന്റ്. പുണെ എഫ്.സിയുടെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന മലപ്പുറത്ത് നിന്നുള്ള താരം സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന്റെ രണ്ടാംനിര ടീമിലും കളിച്ചിട്ടുണ്ട്.  ഇന്ത്യയുടെ അണ്ടര്‍-18, അണ്ടര്‍-19 ടീമുകള്‍ക്ക് വേണ്ടിയും ആഷിഖ് ബൂട്ടുകെട്ടിയിട്ടുണ്ട്.