കൊച്ചി: കളിക്കാന്‍ ഒരുപാടിഷ്ടപ്പെട്ടിരുന്ന കൂടാരം... പക്ഷേ, നിര്‍ഭാഗ്യവശാല്‍ എപ്പോഴും അവര്‍ക്കെതിരെ കളിക്കാനായിരുന്നു അനസിന്റെ വിധി. കഴിഞ്ഞ തവണ ഡല്‍ഹി ഡൈനാമോസിന്റെ കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായ അനസ് ഇക്കുറി ജംഷേദ്പുറിന്റെ കുപ്പായത്തിലാണ് കൊച്ചിയുടെ കളിമുറ്റത്തെത്തിയത്. ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും അടങ്ങിയ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയെ ഗോളടിക്കാന്‍ അനുവദിക്കാതെ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചാണ് ഒടുവില്‍ അനസ് മടങ്ങിയത്.

അനസ് എടത്തൊടിക എന്ന കൊണ്ടോട്ടിക്കാരന്‍ ഇന്ന് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ്. ബ്ലാസ്റ്റേഴ്സിനായി കളിക്കണമെന്ന് അതിയായ മോഹമുണ്ടെന്ന് പലതവണ പറഞ്ഞ അനസിനെ പക്ഷേ, എല്ലായ്പ്പോഴും മറ്റു ടീമുകളാണ് കൊത്തിക്കൊണ്ടുപോകാറുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. പ്ലെയര്‍ ഡ്രാഫ്റ്റില്‍ ആദ്യ അവസരത്തില്‍ തന്നെ ജംഷേദ്പുര്‍ അനസിനെ അവരുടെ കൂടാരത്തിലെത്തിച്ചു. അങ്ങനെ ഇത്തവണയും അനസിന്റെ മഞ്ഞക്കുപ്പായ മോഹം പൊലിഞ്ഞു.

പ്രതിരോധത്തിലെ കോട്ട എന്ന വിശേഷണം അരക്കിട്ടുറപ്പിച്ചാണ് അനസ് കൊച്ചിയിലെ കളിമുറ്റത്തും നിറഞ്ഞത്. ഹ്യൂമിന്റെയും ബെര്‍ബറ്റോവിന്റെയും വിനീതിന്റെയും മുന്നേറ്റങ്ങളുടെ മുനയൊടിച്ച് പലതവണ അനസ് ജംഷേദ്പുറിന്റെ വിശ്വാസം കാത്തു. പന്തിന്റെ ഗതിയും വേഗവും മനസിലാക്കുന്നതില്‍ അപാരമായ മികവാണ് അനസിനുള്ളതെന്ന് പറഞ്ഞ കോച്ച് കോപ്പലിന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി സത്യമാകുന്നതിനാണ് കൊച്ചിയിലെ കളിമുറ്റം സാക്ഷ്യം വഹിച്ചത്.

ആദ്യ പകുതിയില്‍ വിങ്ങുകളിലൂടെ മുന്നേറി ബ്ലാസ്റ്റേഴ്സ് തൊടുത്ത ക്രോസുകള്‍ നിഷ്ഫലമാക്കുന്നതായിരുന്നു അനസിന്റെ ജോലി. ഇടയ്ക്ക് മധ്യത്തിലൂടെ ബെര്‍ബറ്റോവ് നടത്തിയ ആക്രമണങ്ങളും അനസ് നെഞ്ചുവിരിച്ച് തടുത്തത് കാണികളില്‍ പലരും കൈയടികളോടെയാണ് സ്വീകരിച്ചത്. ഒടുവില്‍ 67-ാം മിനിറ്റില്‍ പകരക്കാരന്‍ ബികാഷ് ജൈറുവിന് വഴിമാറിക്കൊടുത്ത് അനസ് മൈതാനത്തുനിന്ന് മടങ്ങുമ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.... സന്തോഷമായി അനസേ, സന്തോഷമായി.